മോട്ടോറോളയുടെ മോട്ടോ ജി സ്റ്റൈലസ് സ്മാർട്ഫോണിന്റെ മൂന്നാം തലമുറ പതിപ്പ് പുറത്തിറക്കി. കഴിഞ്ഞ വർഷത്തെ പതിപ്പിൽ നിന്ന് നിരവധി മാറ്റങ്ങളുമായാണ് പുതിയ ഫോൺ പുറത്തിറക്കിയിരിക്കുന്നത്.
ഡിസ്പ്ലേയിൽ നിന്ന് തുടങ്ങിയാൽ, 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മധ്യഭാഗത്ത് മുകളിലായി സ്ഥാപിച്ചിരിക്കുന്ന പഞ്ച്ഹോളിൽ 16 എംപി സെൽഫി ക്യാമറ നൽകിയിരിക്കുന്നു.
6.8 ഇഞ്ച് എൽസിഡി ഫുൾഎച്ച്ഡി പ്ലസ് ഡിസ്പ്ലേയിൽ മാറ്റമില്ല. ഇതിലെ പ്രധാന ആകർഷണം സ്റ്റൈലസ് ആണ്. സാംസങ് എസ് പെന്നിനോളം വരില്ലെങ്കിലും നോട്ടുകളെഴുതാനും ചിത്രങ്ങൾ വരക്കാനുമെല്ലാം ഈ സ്റ്റൈലസ് ഉപയോഗിക്കാം.
പുതിയ മോട്ടോ ജി സ്റ്റൈലസിൽ 50 എംപിയുടെ പ്രധാന ക്യാമറയും എട്ട് എംപി, രണ്ട് എംപി സെൻസറുകളും അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറയാണുള്ളത്. ഫോണിന്റെ വലത് വശത്തായാണ് ഫിംഗർപ്രിന്റ് സ്കാനറുള്ളത്.
മീഡിയാടെക്കിന്റെ ഹീലിയോ ജി88 പ്രൊസസറിൽ ആറ് ജിബി റാം ശേഷിയുമുണ്ട്. മുൻ പതിപ്പിൽ രണ്ട് ജിബി ആണുണ്ടായിരുന്നത്.
പുതിയ ഫോണിൽ 5000 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയുണ്ട്. നേരത്തെ ഇത് 4000 എംഎഎച്ച് ആയിരുന്നു. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള മോട്ടോയുടെ മൈ യുഎക്സ് ഇന്റർഫെയ്സ് ആണ് ഫോണിൽ.
ട്വിലൈറ്റ് ബ്ലൂ, മെറ്റാലിക് റോസ് എന്നീ നിറങ്ങളിലാണ് മോട്ടോ ജി സ്റ്റൈലസ് 2022 പുറത്തിറങ്ങുക. 6 ജിബി റാം, 128 ജിബി സ്റ്റോറേജ് സൗകര്യമുള്ള ഒരു പതിപ്പ് മാത്രമേ ഫോണിനുള്ളൂ. അമേരിക്കയിൽ ഫെബ്രുവരി 17 മുതൽ വിൽപന തുടങ്ങുന്ന ഫോണിന് 299 ഡോളർ (22334.70 രൂപ) വിലയുണ്ട്.
Content Highlights: motorola moto g stylus 2022 launched