ന്യൂഡൽഹി
രാഷ്ട്രപതിയുടെ പ്രസംഗത്തിനുമേലുള്ള നന്ദിപ്രമേയത്തിനു ഭേദഗതികൾ അനുവദിക്കാത്തത് ജനാധിപത്യവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ എം രാജ്യസഭാ കക്ഷിനേതാവ് എളമരം കരീം രാജ്യസഭാ ചെയർമാന് കത്ത് നൽകി. നന്ദിപ്രമേയത്തിന് എംപിമാർ നൽകിയ ഭേദഗതികളിൽനിന്ന് പെഗാസസ് ഫോൺ ചോർത്തൽ, കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാരിനുണ്ടായ വീഴ്ച എന്നിവ പരാമർശിക്കുന്നവ രാജ്യസഭാ സെക്രട്ടറിയറ്റ് ഒഴിവാക്കി.
സമാനഭേദഗതികൾ ലോക്സഭയിൽ പരിഗണിക്കപ്പെട്ടു. രാജ്യസഭയിൽ അവയ്ക്ക് അവതരണാനുമതി പോലും നൽകാത്തത് അംഗീകരിക്കാനാവില്ല. ഈ നടപടി ജനാധിപത്യവിരുദ്ധമാണെന്നും ഇതിൽ ചെയർമാൻ സഭയിൽ റൂളിങ് നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു.