മംഗളൂരു> ലോകപ്രശസ്ത തീര്ഥാടന കേന്ദ്രമായ ഉള്ളാള് സയ്യിദ് മുഹമ്മദ് ശരീഫുല് മദനി ദര്ഗയില് 5 വര്ഷത്തില് ഒരിക്കല് നടക്കുന്ന ഉറൂസിനു ഫെബ്രവരി 10 ന് കൊടിയേറും. മാര്ച്ച് 6 വരെ നടക്കുന്ന 21 മത് ഉറൂസിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നായി ലക്ഷങ്ങള് പങ്കെടുക്കുമെന്ന് ഉള്ളാള് ജുമാ മസ്ജിദ് ആന്ഡ് സയ്യിദ് മദനി ദര്ഗ ഭരണ സമിതി പ്രസിഡണ്ട് അബ്ദുള് റഷീദ് ഹാജി അറിയിച്ചു.
2020 ഏപ്രിലില് നടക്കേണ്ടിയിരുന്ന ഉറൂസ് കോവിഡ് വ്യാപനത്തെ തുടര്ന്ന് 2021 ഒക്ടോബറിലേക്കും പിന്നീട് ഡിസംബറിലേക്കും മാറ്റി.കോവിഡ് വ്യാപനം കുറയാത്തതോടെ ഫെബ്രവരിയിലേക്ക് വീണ്ടും മാറ്റി. ഡിസംബറില് ഒന്നര കോടിയിലേറെ ചെലവിട്ടു ഒരുക്കങ്ങളെല്ലാം പൂര്ത്തിയാക്കിയെങ്കിലും കോവിഡ് വ്യാപനത്തെ തുടര്ന്ന് മാറ്റിവെച്ചു.
ഇന്ത്യയില് അജ്മീര് ദര്ഗ്ഗ കഴിഞ്ഞാല് രണ്ടാമത്തെ പ്രമുഖ ദര്ഗ്ഗയായ ഉള്ളാള് ദര്ഗ്ഗയില് 25 ദിവസങ്ങളിലായി നടക്കുന്ന ഉറൂസില് വിവിധ പരാപാടികളാണ് സംഘാടകര് ആസൂത്രണം ചെയ്തിരിക്കുന്നത്. ഫെബ്രവരി 10 ന് വൈകീട്ട് 4ന് നമസ്കാരത്തെ തുടര്ന്നാണ് കൊടിയേറും.അന്ന് 7 മണിക്ക് സയ്യിദുള് ഉലമ ജിബ്രി മുത്തുക്കോയ തങ്ങള് ഉറൂസ് ഉദ്ഘാടനം ചെയ്യും. കൊടിയേറ്റത്തിനു ശേഷം വിശദമായ പരിപാടികള്ക്കു രൂപം നല്കും. ഉള്ളാള്, സോമേശ്വര, പെര്മണ്ണൂര് മേഖലയിലെ 32 മഹല്ലുകളിലെയും പ്രതിനിധികളെ ഉള്പ്പെടുത്തി ഉറൂസ് കമ്മറ്റി രൂപീകരിച്ചായിരിക്കും സംഘാടനം.
നിത്യേന വിവിധ ദേശങ്ങളില് നിന്നു നാനാ ജാതി-മതസ്ഥര് വന്നെത്തുന്ന ദര്ഗയിലെ ഉറൂസിന്റെ നടത്തിപ്പിലും എല്ലാ വിഭാഗം ആളുകളെയും സഹകരിപ്പിക്കും.വിദേശത്തു നിന്നടക്കം 20 ലക്ഷത്തില് അധികം ആളുകളാണ് കഴിഞ്ഞ തവണ ഉറൂസിനെത്തിയത്. ഉറൂസിന്റെ ഭാഗമായി നേര്ച്ച ആടുകളും ദര്ഗയിലെത്തി.ജാതിമത ഭേദമന്യേ നാനാ ദേശങ്ങളില് നിന്ന് തീര്ഥാടകരെത്തുന്ന ഉറൂസ് 5 വര്ഷത്തില് ഒരിക്കലാണ് നടക്കുന്നത്. 2015ല് ആണ് ഇതിനു മുമ്പ് നടന്നത്.ഉറൂസ് നാളുകളില് നിത്യേന രാത്രി എട്ടുമണിമുതല് 11 മണി വരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില് നിന്നുള്ള പ്രമുഖ മതപണ്ഡിതന്മാരുടെ മതപ്രഭാഷണമുണ്ടാവും.
മെഡിക്കല് ക്യാമ്പ്,രക്തദാന ക്യാമ്പ്, മതസൗഹാര്ദ സദസ് , അന്നദാനം എന്നിവയൊക്കെ ഉറൂസിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഉറൂസ് നാളുകളില് ദര്ഗ്ഗയിലെത്തുന്ന ഭക്തര്ക്ക് രാത്രി കഞ്ഞി നല്കും.അവസാന നാളുകളായി മാര്ച്ച് 5 ,6 ദിവസങ്ങളിലായി 35000 കിലോ അരികൊണ്ടുണ്ടാക്കിയ നെയ്ചോറും 15000 കിലോ ആട്ടിറച്ചി കറിയും നല്കുമെന്ന് സംഘാടകര് അറിയിച്ചു. ജിബ്രി മുത്തുക്കോയ തങ്ങള്, എ പി അബൂബക്കര് മുസ്ല്യാര് ഗ്രാന്റ് മുസ്തി എന്നിവരുടെ നേതൃത്വത്തിലാണ് ഇത്തവണ ഉള്ളാള് ഉറൂസ് സംഘടിപ്പിക്കുന്നത്.വാര്ത്ത സമ്മേളനത്തില് യു കെ മൊനു ഇസ്മായില്, ഹാജി ത്വാഹ മുഹമ്മദ്, നൗഷാദ് ആലി, യു ടി ഇല്ല്യാസ് , ഹാജി എ കെ മൊയ്തീന്, ആസീഫ് അബ്ദുള്ള, ഫാറുഖ് ഉള്ളാള് എന്നിവര് പങ്കെടുത്തു.















