ബെലോ ഹൊറിസോണ്ടെ
ലോകകപ്പിന് ടിക്കറ്റെടുത്ത ബ്രസീലും അർജന്റീനയും യോഗ്യതാമത്സരത്തിൽ ജയം തുടരുന്നു. ബ്രസീൽ നാല് ഗോളിന് പരാഗ്വേയെ തകർത്തപ്പോൾ, അർജന്റീന ഒരു ഗോളിന് കൊളംബിയയെ മറികടന്നു. പതിനഞ്ചു കളിയും തോൽക്കാതെയാണ് ബ്രസീലിന്റെ കുതിപ്പ്. നാട്ടിൽ അവസാനം കളിച്ച 61 ലോകകപ്പ് യോഗ്യതാമത്സരങ്ങളിൽ തോൽവിയറിഞ്ഞിട്ടില്ല. ബ്രസീലിനോടുള്ള തോൽവി പരാഗ്വേയുടെ വഴി അടച്ചു. റഫീന്യ, ഫിലിപെല കുടീന്യോ, റോഡ്രിഗോ, ആന്റണി എന്നിവരാണ് ഗോളടിച്ചത്. റയൽ മാഡ്രിഡ് സ്ട്രൈക്കർ റോഡ്രിഗോയുടെ ആദ്യ രാജ്യാന്തര ഗോളാണ്.
ലൗതാരോ മാർടിനെസിന്റെ ഗോളിലാണ് അർജന്റീന കൊളംബിയയെ കീഴടക്കിയത്. തോൽവി അറിയാതെ 29–-ാംമത്സരമാണ് പൂർത്തിയാക്കിയത്. കോവിഡ് മുക്തനായെങ്കിലും ലയണൽ മെസി ഇറങ്ങിയില്ല. തോൽവിയോടെ കൊളംബിയയുടെ സാധ്യതകൾ മങ്ങി. ഉറുഗ്വേ 4-–-1ന് വെനസ്വേലയെയും ചിലി 3––2ന് ബൊളീവിയയെയും തോൽപ്പിച്ചു. പെറുവും ഇക്വഡോറും ഓരോ ഗോളടിച്ച് പിരിഞ്ഞു.
ദക്ഷിണ അമേരിക്കയിൽനിന്ന് നാലു ടീമുകൾക്കാണ് യോഗ്യത. അഞ്ചാമൻ പ്ലേ ഓഫ് കളിക്കണം. ബ്രസീലും (39 പോയിന്റ്) അർജന്റീനയും (35) നേരത്തേ യോഗ്യത നേടി. രണ്ടു കളി ബാക്കിയിരിക്കെ ഇക്വഡോറും (25) ഉറുഗ്വേയും (22) പെറുവും (21) യോഗ്യതയ്ക്ക് പൊരുതുന്നു. ചിലി (19), കൊളംബിയ (17), പരാഗ്വേ (16) ടീമുകൾ പിന്നിലാണ്.















