ആന്റിഗ്വ
ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും മിന്നിയപ്പോൾ അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ. ഓസ്ട്രേലിയയെ 96 റണ്ണിന് തോൽപിച്ചു.
സ്കോർ: ഇന്ത്യ 5 – 290, ഓസീസ് 194 (41.5)
ശനിയാഴ്ച ഇംഗ്ലണ്ടാണ് എതിരാളി. ക്യാപ്റ്റൻ യാഷ് ദൂൽ തകർപ്പൻ സെഞ്ചുറി കുറിച്ചു (110 പന്തിൽ 110). പത്ത് ഫോറും ഒരു സിക്സറും പറത്തിയ ദൂൽ ദൗർഭാഗ്യകരമായി റണ്ണൗട്ടാകുകയായിരുന്നു. വെെസ് ക്യാപ്റ്റൻ ഷെയ്ഖ് റഷീദ് 108 പന്തിൽ 94 റണ്ണെടുത്ത് പുറത്തായി. ഒരു സിക്സറും എട്ട് ഫോറുമായിരുന്നു റഷീദിന്റെ ഇന്നിങ്സിൽ. മൂന്നാം വിക്കറ്റിൽ 204 റണ്ണാണ് ഇരുവരും ചേർന്ന് നേടിയത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ആഗ്രഹിച്ച തുടക്കമല്ല കിട്ടിയത്. ഓപ്പണർ അൻഗ്രിഷ് രഘുവൻഷി 30 പന്തിൽ ആറ് റണ്ണെടുത്ത് പുറത്തായി. 16 റണ്ണുമായി ഹർണൂർ സിങ്ങും മടങ്ങി. സ്കോർ 37ൽവച്ചാണ് ദൂലും റഷീദും ഒന്നിച്ചത്. അവസാന ഓവറുകളിൽ ദിനേശ് ബാനയും (4 പന്തിൽ 20*) നിഷാന്ത് സിന്ധുവും (10 പന്തിൽ 12*) മികച്ച സ്കോറിലെത്തിച്ചു. അവസാന ഓവറിൽ 27 റണ്ണാണ് ഇരുവരും അടിച്ചുകൂട്ടിയത്.
അഫ്ഗാനെ വീഴ്ത്തി ഇംഗ്ലണ്ട് ഫൈനലിൽ
പൊരുതിയ അഫ്ഗാനിസ്ഥാനെ കീഴടക്കി ഇംഗ്ലണ്ട് അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ഫൈനലിൽ കടന്നു. മഴമൂലം 47 ഓവറായി ചുരുക്കിയ സെമിയിൽ 15 റണ്ണിനാണ് ജയം.
സ്കോർ: ഇംഗ്ലണ്ട് 6––231, അഫ്ഗാൻ 9–-215
മഴനിയമപ്രകാരം അഫ്ഗാന്റെ വിജയലക്ഷ്യം 231 ആയിരുന്നു. അവസാന രണ്ട് ഓവറിൽ നാല് വിക്കറ്റ് കൈയിലിരിക്കെ ജയിക്കാൻ 19 റൺ. റഹ്മാൻ അഹമ്മദ് ഒരോവറിൽ മൂന്നു വിക്കറ്റെടുത്ത് അഫ്ഗാൻ വെല്ലുവിളി അവസാനിപ്പിച്ചു. അള്ളാ നൂർ 60 റണ്ണടിച്ചു. അബ്ദുൽ ഹാദി 37 റണ്ണുമായി പുറത്താകാതെ നിന്നു. ഇംഗ്ലീഷ് നിരയിൽ മൂന്നുപേർ അർധസെഞ്ചുറി നേടി.
ഓപ്പണർ ജോർജ് തോമസ് 50 റണ്ണെടുത്തു. ജോർജ് ബെല്ലും (56) അലക്സ് ഹോർടനും (53) പുറത്തായില്ല. 1998ൽ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന്റെ രണ്ടാം ഫൈനലാണ്.