ദുബായ്
ഇറാനുപിന്നാലെ ഖത്തർ ലോകകപ്പ് ഫുട്ബോളിന് ടിക്കറ്റെടുത്ത രണ്ടാമത്തെ രാജ്യമായി ദക്ഷിണകൊറിയ. തുടർച്ചയായി പത്താംതവണയാണ് കൊറിയ യോഗ്യത നേടുന്നത്. 2002ൽ ആതിഥേയരായപ്പോൾ നാലാമതായതാണ് വലിയ നേട്ടം. ഖത്തറിലെത്തുന്ന 32 ടീമുകളിൽ യോഗ്യത നേടിയ പതിനഞ്ചാമത്തെ ടീമാണ് കൊറിയ. രണ്ട് കളി ബാക്കിയിരിക്കെ രണ്ട് ഗ്രൂപ്പുകളിലെ ആദ്യ രണ്ട് സ്ഥാനക്കാർക്കാണ് ഏഷ്യയിൽനിന്ന് യോഗ്യത. മൂന്നാംസ്ഥാനക്കാർ പ്ലേഓഫ് കളിക്കണം. ഗ്രൂപ്പ് എയിൽ 22 പോയിന്റോടെ ഇറാനാണ് മുന്നിൽ. കൊറിയയ്ക്ക് 20 പോയിന്റാണുള്ളത്. മൂന്നാമതുള്ള യുഎഇക്ക് ഒമ്പത് പോയിന്റേയുള്ളു.
ബി ഗ്രൂപ്പിൽ കടുത്ത മത്സരമാണ്. ജപ്പാനും സൗദി അറേബ്യയും യോഗ്യതയ്ക്ക് അരികെയാണ്. സൗദി 19, ജപ്പാൻ 18, ഓസ്ട്രേലിയ 15 എന്നിങ്ങനെയാണ് പോയിന്റ്.
ജപ്പാൻ രണ്ട് ഗോളിന് സൗദിയെ തോൽപ്പിച്ചപ്പോൾ ഓസ്ട്രേലിയ ഒമാനുമായി സമനിലയിൽ കുരുങ്ങി. അവസാനത്തെ രണ്ട് കളി നിർണായകമായി.