തിരുവനന്തപുരം
കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച വന്ദേഭാരത് ട്രെയിനുകൾ നിലവിലുള്ള പാതയിൽ ഓടിക്കുക അസാധ്യം. വേഗത്തിൽ ഓടിക്കാൻ കഴിയുന്ന ട്രാക്കുകളിൽ മാത്രമാണ് ഈ ട്രെയിനുകൾക്ക് സർവീസ് നടത്താനാകുക. എന്നാൽ, ബജറ്റ് പ്രഖ്യാപനത്തിൽ പ്രത്യേക പാതയൊരുക്കാൻ പദ്ധതിയുമില്ല. കേരളത്തിന് ഒന്നെങ്കിലും നൽകുമോയെന്നും വ്യക്തമാക്കിയിട്ടില്ല. എന്നിട്ടും സിൽവർലൈനിന് എതിരായ ചർച്ച കൊഴുപ്പിക്കുകയാണ് മാധ്യമങ്ങളും പ്രതിപക്ഷ പാർടികളും. നിലവിലുള്ള പാതയിലൂടെ സാധാരണ ട്രെയിനുകൾ പോലും മതിയായ വേഗത്തിൽ ഓടിക്കാൻ കഴിയില്ലെന്ന് ദക്ഷിണ റെയിൽവേ വ്യക്തമാക്കിയിട്ടുള്ളതാണ്.
2014ൽ ബിജെപി നൽകിയ തെരഞ്ഞെടുപ്പുവാഗ്ദാനമാണ് ഹൈ സ്പീഡ്, സെമി ഹൈ സ്പീഡ് ട്രെയിനുകൾ. ശതാബ്ദിയടക്കമുള്ള ട്രെയിനുകൾ മാറ്റി കുറേക്കൂടി വേഗത്തിലാക്കുമെന്നായിരുന്നു പ്രഖ്യാപനം. ആദ്യം ട്രെയിൻ 18 എന്നുപേരിട്ടു. പിന്നീട് വന്ദേഭാരത് എന്നാക്കി. നിലവിലുള്ള പാതകളിൽത്തന്നെയാണ് ഇവ ഓടിക്കുക. പരീക്ഷണ ഓട്ടത്തിൽ 160 കിലോമീറ്റർ വേഗത്തിൽ ഓടിയെങ്കിലും 130 കിലോമീറ്റർ വേഗത മതിയെന്നാണ് റെയിൽവേ തീരുമാനിച്ചത്. ഡൽഹി–-വാരാണസി റൂട്ടിൽ വന്ദേഭാരത് ഓടുന്നത് 100 കിലോമീറ്റർ വേഗത്തിലാണ്.
ബറേലി–-മൊറാദാബാദ് പാതയിൽ വന്ദേഭാരത് ട്രെയിൻ 160 കിലോമീറ്റർ പരീക്ഷണ ഓട്ടത്തിന് ശ്രമിച്ചെങ്കിലും സുരക്ഷാ കാരണത്താൽ മൊറാദാബാദ്–-രാംപുർ റൂട്ടിലേക്ക് മാറ്റിയിരുന്നു. വളവും തിരിവും കാര്യമായി ഇല്ലാത്ത അനവധി പാതകളുള്ള ഉത്തർപ്രദേശിലെ സ്ഥിതി ഇതാണ്. 632 വളവും കയറ്റിറക്കങ്ങളുമുണ്ട് കേരളത്തിൽ. ശേഷിയുടെ 150 ശതമാനവും ഉപയോഗിക്കുന്നുമുണ്ട്. അതിനാൽ ഇത്തരം ട്രെയിനുകൾ നിലവിലുള്ള പാതയിൽ ഓടിക്കുക അസാധ്യമാണെന്ന് റെയിൽവേയുടെ റിപ്പോർട്ടുകൾതന്നെ വ്യക്തമാക്കുന്നു.
സിൽവർലൈനിന് പകരമാകില്ല:
അലോക് വർമ
വന്ദേഭാരത് ട്രെയിനുകൾ സിൽവർലൈനിന് പകരമാകില്ലെന്ന് അലോക് വർമ. വന്ദേഭാരതിന് 160 കിലോമീറ്റർ വേഗതയേ ലഭിക്കൂ. കേരളത്തിൽ നിലവിൽ ലഭിക്കുന്ന പരമാവധി വേഗത 110 കിലോമീറ്ററാണെന്നും വന്ദേഭാരത് ട്രെയിനുകൾ കെ- റെയിലിന് ബദലായേക്കാമെന്നുമുള്ള ശശി തരൂരിന്റെ ട്വീറ്റിനുള്ള മറുപടിയായി അലോക് വർമ പറഞ്ഞു. സിൽവർലൈൻ സാധ്യതാപഠനം നടത്തിയ സമയത്ത് വർമ സിസ്ട്രയിൽ ജോലി ചെയ്തിരുന്നു.
കേരളത്തിൽ അപ്രസക്തം:
കെ റെയിൽ
വന്ദേഭാരത് ട്രെയിനുകളുമായി ബന്ധിപ്പിച്ചുള്ള സിൽവർലൈൻ ചർച്ച അപ്രസക്തമാണെന്ന് കെ–- റെയിൽ. വന്ദേഭാരത് ട്രെയിനുകളുടെ വേഗത 160 കിലോമീറ്ററാണ്. കേരളത്തിലെ പാതകളിൽ പരമാവധി 80–-110 കിലോമീറ്റർ വേഗതയേ ലഭിക്കുകയുള്ളൂ. അതും ചില മേഖലയിൽ മാത്രം. ജനശതാബ്ദിയും രാജധാനിയുംപോലെ ഓടാനേ കേരളത്തിൽ വന്നാലും വന്ദേഭാരതിനും കഴിയൂ. ഇപ്പോഴുള്ള പാതയുടെ 36 ശതമാനം വരുന്ന വളവും തിരിവുകളും നിവർത്തി നേരെയാക്കിയാലേ വേഗത വർധിപ്പിക്കാനാകൂ. സർവീസ് മുടക്കാതെ ഈ ജോലികൾ തീർക്കാൻ 10 മുതൽ 20 വർഷംവരെ എടുക്കാം. അതേസമയം, സിൽവർലൈൻ ഓരോ ദിശയിലേക്കും ദിവസേന 37 സർവീസ് ആണ് നടത്തുക. തിരക്ക് സമയത്ത് 20 മിനിറ്റ് ഇടവേളയിൽ ട്രെയിനുണ്ടാകും. കേരളത്തിലെ ലൈനുകളിൽ വളവ് നിവർത്തി വന്ദേഭാരത് വന്നാലും ഇത്രയും സർവീസ് നടത്താൻ കഴിയില്ലെന്നും കെ –-റെയിൽ വ്യക്തമാക്കി.