ന്യൂഡൽഹി
കാർഷികമേഖലയുടെ ന്യായമായ ആവശ്യങ്ങളോട് മുഖംതിരിച്ച് കേന്ദ്രസർക്കാർ. കർഷകർ ദീർഘകാലമായി ഉന്നയിക്കുന്ന ഒരാവശ്യവും ബജറ്റിൽ പരിഗണിച്ചില്ല.
കൃഷിക്കും അനുബന്ധ ജോലികൾക്കുമുള്ള മൊത്തം ബജറ്റ് വിഹിതം കഴിഞ്ഞവർഷം 4.3 ശതമാനമായിരുന്നത് ഇത്തവണ 3.8 ശതമാനമായി കുറച്ചു. മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ പരിരക്ഷ, നെല്ല്, ഗോതമ്പ് എന്നിവയ്ക്കു പുറമെ മറ്റു വിളകൾക്കും എംഎസ്പി ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങളും അവഗണിച്ചു. 1.63 കോടി കർഷകരിൽനിന്ന് 1208 ലക്ഷം ടൺ നെല്ലും ഗോതമ്പും സംഭരിക്കുന്ന കാര്യംമാത്രമാണ് ബജറ്റിലുള്ളത്. കർഷകരിൽ 10 ശതമാനം മാത്രമാണ് ഇത്. 2020–-21 വർഷവുമായി താരതമ്യപ്പെടുത്തിയാൽ സംഭരണത്തിൽ ഏഴു ശതമാനത്തിന്റെയും ഗുണഭോക്താക്കളിൽ 17 ശതമാനത്തിന്റെയും കുറവ്.
ആറുവർഷത്തിനുള്ളിൽ കർഷകരുടെ ആദായം ഇരട്ടിയാക്കുമെന്ന് 2016 ഫെബ്രുവരിയിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് 2015–-2016ലെ കർഷകകുടുംബത്തിന്റെ ശരാശരി ആദായമായ 8059 രൂപ (പണപ്പെരുപ്പംകൂടി കണക്കിലെടുത്താൽ) 2022ൽ 21,146 ആയിരിക്കണം. എന്നാൽ, ദേശീയ സാമ്പിൾ സർവേ ഓഫീസിന്റെ (എൻഎസ്എസ്ഒ) 77–-ാം റിപ്പോർട്ട് അനുസരിച്ച് ഇത് 10,218 രൂപയാണ്. ഇത് പരിഗണിച്ചാൽ 2022ൽ കർഷകരുടെ ആദായം 12,000 രൂപ മാത്രമായിരിക്കും.
വിലസ്ഥിരതാനിധിക്ക് 1500 കോടിയാണ് നീക്കിവച്ചിട്ടുള്ളത്. കഴിഞ്ഞവർഷത്തെ കണക്ക് പ്രകാരം പദ്ധതിയുടെ ചെലവ് 3596 കോടിയാണ്. തൊഴിലുറപ്പു പദ്ധതി വിഹിതത്തിലും ഗണ്യമായ കുറവുണ്ടായി. 2020–-2021ൽ പദ്ധതിക്കായി വിനിയോഗിച്ചത് 1.11 ലക്ഷം കോടി. 2021–-2022ൽ 98,000 കോടിയായി കുറഞ്ഞു. 2022–-2023 വർഷത്തേക്ക് വെറും 73,000 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. വിള ഇൻഷുറൻസ് പദ്ധതിയുടെ വിഹിതവും കുറച്ചു.