തിരുവനന്തപുരം
കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചതും ആറുമാസം ഒരു നടപടിയും എടുക്കാതിരുന്നതുമായ ഗതിശക്തി പദ്ധതിയാണ് ‘പിഎം ഗതിശക്തി’ എന്ന പേരിൽ കേന്ദ്ര ബജറ്റിൽ വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യവികസനത്തിന് 100 ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതി വരുമെന്നാണ് 75–-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. എന്നാൽ, ‘പിഎം ഗതിശക്തി’ക്ക് സംസ്ഥാനങ്ങൾക്കായി മൊത്തം ലക്ഷം കോടിയുടെ പലിശരഹിത വായ്പ 50 വർഷത്തേക്ക് നൽകുമെന്നാണ് ബജറ്റ് പ്രഖ്യാപനം.
പ്രതിവർഷം ലക്ഷം കോടി എന്ന് കണക്കാക്കിയാൽ 50 വർഷംകൊണ്ട് 50 ലക്ഷം കോടി ചെലവിടും. ഫലത്തിൽ ചെങ്കോട്ടയിൽ പ്രഖ്യാപിച്ച 100 ലക്ഷം കോടി ആറു മാസം കഴിഞ്ഞപ്പോൾ പാതിയായി കുറഞ്ഞു. പഴയ പദ്ധതിക്ക് ബജറ്റിൽ പേരിനുമുമ്പ് ‘പിഎം’ എന്നുകൂടി ചേർത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടിരിക്കുകയാണ് മോദി സർക്കാർ. സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതിയാണ് ഇതെന്ന് ബജറ്റിൽ പറഞ്ഞിട്ടുമില്ല.