കൊച്ചി
വന്ദേഭാരത് ട്രെയിനുകൾ വർധിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഗുണമാകുന്നത് സ്വകാര്യകമ്പനിക്ക്. ‘മേധ’ എന്ന വൻകിട നിർമാതാക്കൾക്കാണ് റെയിൽവേ ഇതിന്റെ കോച്ചുനിർമാണത്തിന് കരാർ നൽകിയിരിക്കുന്നത്. റെയിൽവേയുടെ മൂന്ന് കോച്ച് ഫാക്ടറികളും അവിടത്തെ ആധുനികസൗകര്യങ്ങളും ഉപയോഗിക്കാൻ കേന്ദ്രസർക്കാർ ഇവർക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ഫലത്തിൽ കാര്യമായ മുതൽമുടക്കില്ലാതെ കോച്ചുകൾ നിർമിച്ച് അത് റെയിൽവേയ്ക്കുതന്നെ നൽകി ലാഭം കൊയ്യുകയാണ് സ്വകാര്യ കമ്പനി. വന്ദേഭാരത് ട്രെയിനുകൾ 2018ൽ ചെന്നൈ പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് രൂപകൽപ്പന ചെയ്തത്. തുടർന്ന് ലഖ്നൗയിലെ റെയിൽവേ ഡിസൈൻ സ്റ്റാൻഡാർഡ് ഓർഗനൈസേഷന്റെ അംഗീകാരം ലഭിച്ചു.
പതിനാറ് കോച്ചുകൾ ചേരുന്നതാണ് ഒരു ട്രെയിൻ. നിലവിൽ ഡൽഹി–-വാരാണസി, ഡൽഹി–-കത്ര റൂട്ടുകളിൽ വന്ദേഭാരത് ട്രെയിനുകൾ ഓടുന്നുണ്ട്. റെയിൽവേയുടെ പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി, കപൂർത്തല റെയിൽ കോച്ച് ഫാക്ടറി, റായ്ബറേലി മോഡേൺ കോച്ച് ഫാക്ടറി എന്നിവ മേധയ്ക്ക് ഉപയോഗിക്കാൻ വിട്ടുനൽകിയിരിക്കുകയാണ്. ഈ വർഷം ഒരു ഫാക്ടറിയിൽനിന്ന് 44 ട്രെയിൻവരെ ഉണ്ടാക്കാൻ മേധയ്ക്ക് കരാർ നൽകിയിട്ടുണ്ട്. അടുത്ത രണ്ടുവർഷം -ഇതിന്റെ ഇരട്ടിയോളം നിർമിക്കാനാണ് കരാർ. ബജറ്റിലെ പ്രഖ്യാപനം അനുസരിച്ച് നാനൂറോളം വന്ദേഭാരത് ട്രെയിൻ ഉണ്ടാക്കിയാൽ കാര്യമായ ചെലവില്ലാതെ കൊള്ളലാഭം കൊയ്യാനുള്ള അവസരമാണ് സ്വകാര്യകമ്പനിക്ക് വന്നുചേരുക.
കേരളത്തിന് ഒരുതരത്തിലും പ്രയോജനം ചെയ്യാത്ത പദ്ധതിയാണ് വന്ദേഭാരത് ട്രെയിനുകൾ. നിലവിലുള്ള റെയിൽപ്പാളങ്ങളിൽ ഇവ 110 കിലോമീറ്റർ വേഗത്തിൽപ്പോലും ഓടിക്കാനാകില്ല.