കൊച്ചി
ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രധാനഘടകമായ പ്രിന്റഡ് സർക്യൂട്ട് ബോർഡുകൾ (പിസിബി) നിർമിക്കാൻ ഇനി രണ്ടുലക്ഷം രൂപയുടെ യന്ത്രങ്ങളെ ആശ്രയിക്കേണ്ട. കുറഞ്ഞചെലവിൽ പിസിബി നിർമിക്കാനുള്ള സാങ്കേതികവിദ്യ സമ്മാനിക്കുകയാണ് കളമശേരി സൂപ്പർ ഫാബ് ലാബ്. പിസിബി നിർമിക്കുന്ന യന്ത്രത്തിന്റെ പ്രവർത്തനമാതൃക (പ്രോട്ടോടൈപ്പ് മെഷീൻ) മാർച്ച് അവസാനംമുതൽ ഇവിടെനിന്ന് ലഭ്യമാകും.
വിപണിയിൽ ഇറക്കിയാൽ 25,000–-35,000 രൂപയ്ക്ക് ലഭ്യമാകുന്ന നിയോ പിക്കോ (neo pico) യന്ത്രത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. പ്രോട്ടോടൈപ്പ് മെഷീന്റെ നിർമാണസാമഗ്രികൾക്ക് 15,000 രൂപമാത്രമാണ് ചെലവ്. സാങ്കേതികവിദ്യ പരിഷ്കരിച്ച് മറ്റുള്ളവർക്ക് ഉപയോഗിക്കാനാവുമെന്ന് കേരള സ്റ്റാർട്ടപ് മിഷന്റെ സൂപ്പർ ഫാബ് ലാബ് അധികൃതർ അറിയിച്ചു.
യന്ത്രങ്ങൾകൊണ്ട് യന്ത്രങ്ങൾ നിർമിക്കുന്ന സൂപ്പർ ഫാബ് ലാബ്, ആശയങ്ങളുമായെത്തുന്ന സ്റ്റാർട്ടപ്പുകൾക്കുവേണ്ട പ്രാരംഭസഹായം നൽകുന്ന സ്ഥാപനമാണ്. സ്റ്റാർട്ടപ് സംരംഭങ്ങൾക്ക് എല്ലാ സഹായവും ഉറപ്പാക്കുന്ന സംസ്ഥാന സർക്കാർ പദ്ധതികളുടെ ഭാഗമായി 2020 ജനുവരിയിലാണ് സൂപ്പർ ഫാബ് ലാബ് ആരംഭിച്ചത്.
സ്റ്റാർട്ടപ്പുകൾ ഹാർഡ്വെയർ സേവനങ്ങൾക്കായി ചൈനയടക്കമുള്ള വിദേശരാജ്യങ്ങളെയാണ് ഇതുവരെ ആശ്രയിച്ചിരുന്നത്. എന്നാൽ, ഇന്ന് സൂപ്പർ ഫാബ് ലാബിന്റെ സേവനമാണ് പ്രയോജനപ്പെടുത്തുന്നത്. കളമശേരി ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ് കോംപ്ലക്സിൽ 10,000 ചതുരശ്രയടി സ്ഥലത്താണ് ലാബ്. ആധുനിക നിർമാണശേഷി, ചെറുകിട–-ഇടത്തരം സംരംഭകർക്കാവശ്യമായ നൂതന സാങ്കേതികസഹായം, സാങ്കേതിക വിദ്യാഭ്യാസരംഗത്തെ മികവ് എന്നിവയ്ക്കാണ് സൂപ്പർ ഫാബ് ലാബ് വഴിയൊരുക്കുന്നത്. അമേരിക്കയിലെ മസാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ലാബ് കഴിഞ്ഞാൽ കൊച്ചിയിലാണ് ഇത്തരം സൂപ്പർ ഫാബ് ലാബുള്ളത്. കോവിഡ് കാലത്ത് അടിയന്തരഘട്ടത്തിൽ വെന്റിലേറ്ററുകൾക്കുപകരം ഉപയോഗിക്കാവുന്ന ശ്വസനയന്ത്രങ്ങൾ സൂപ്പർ ഫാബ് ലാബ് നിർമിച്ചിരുന്നു. വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ 10,000 രൂപയിൽതാഴെ മാത്രം ചെലവിലായിരുന്നു നിർമാണം.