ന്യൂഡൽഹി > രാജ്യത്തെ പൊതുസ്വത്തിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും വിൽപ്പന കൂടുതൽ തീവ്രമാക്കുമെന്ന് സാമ്പത്തിക സർവേ. പൊതുമേഖലാ സ്ഥാപനങ്ങളുടെ 3400 ഏക്കർ ഭൂമി വിൽക്കാനായി കണ്ടെത്തി. വിൽപ്പനയിലൂടെ അടുത്ത നാലുവർഷത്തിനുള്ളിൽ ആറു ലക്ഷം കോടി രൂപ സമാഹരിക്കും. റോഡ്, റെയിൽ, ഊർജം, പ്രകൃതിവാതകം, ടെലികോം മേഖലകളിലെ വിറ്റഴിക്കലിലൂടെയാകും ഇതിൽ 83 ശതമാനവും കണ്ടെത്തുക.
തന്ത്രപ്രധാന മേഖലകളിൽപോലും സർക്കാർ സാന്നിധ്യം നാമമാത്രമാക്കും. എയർ ഇന്ത്യ വിൽപ്പന വിറ്റഴിക്കൽ നയത്തിന് ഊർജമേകി. കാർഷിക മേഖലയിൽ 3.9 ശതമാനം വളർച്ച നടപ്പുവർഷം ഇതുവരെ കൈവരിക്കാനായതായി സർവേ പറയുന്നു. ഖാരിഫ് ഭക്ഷ്യധാന്യ കൃഷിഭൂമിയുടെ അളവ് 732 ലക്ഷം ഹെക്ടറിൽ നിന്ന് 743 ലക്ഷം ഹെക്ടറായി ഉയർന്നു.
150.5 ദശലക്ഷം ടണ്ണിന്റെ റെക്കോഡ് ഉൽപ്പാദനം പ്രതീക്ഷിക്കുന്നു. വ്യവസായം–-11.8 ശതമാനം, ഖനനം–-ക്വാറി–- 14.3, ഉൽപ്പന്നനിർമാണം–- 12.5, കെട്ടിടനിർമാണം–- 10.7, വൈദ്യുതി–- വാതകം–- 8.5, സേവനം–- 8.2, വ്യാപാരം–- ഹോട്ടൽ–- ഗതാഗതം–- 11.9 എന്നിങ്ങനെയാണ് നടപ്പുവർഷത്തെ വളർച്ച. നിക്ഷേപത്തിൽ 15 ശതമാനം വർധനവുണ്ടെങ്കിലും സ്വകാര്യ നിക്ഷേപം കാര്യമായി കൂടിയില്ല. വിദേശകടം ജിഡിപിയുടെ 20.2 ശതമാനമാണ്.
മോദി സർക്കാർ അത്ഭുതലോകത്ത്: യെച്ചൂരി
മോദി സർക്കാർ അത്ഭുതലോകത്താണ് കഴിയുന്നതെന്ന് വ്യക്തമാക്കുന്നതാണ് സാമ്പത്തിക സർവേ റിപ്പോർട്ടെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. യാഥാർഥ്യങ്ങൾക്ക് നിരക്കുന്നതല്ല റിപ്പോർട്ട്. 20 കോടി പേർ തൊഴിൽരഹിതരാണ്. അഞ്ചിൽ നാല് കുടുംബത്തിനും വരുമാനം ഇടിഞ്ഞു. 2.3 കോടി പേരെക്കൂടി ദാരിദ്ര്യത്തിലേക്ക് തള്ളിയിട്ടു. ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ കൂടുതൽ താഴോട്ടുപോയി– -യെച്ചൂരി ട്വീറ്റിൽ ചൂണ്ടിക്കാട്ടി.