ന്യൂഡൽഹി > തെരഞ്ഞെടുപ്പ് കാലത്ത് കേസെടുക്കുന്നത് സംശയാസ്പദമെന്ന് സുപ്രീംകോടതി പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് പെട്ടെന്ന് കേസെടുക്കുന്നത് ചില പ്രത്യേക ലക്ഷ്യത്തിലാണെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാകില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ പരാമർശം.
ശിരോമണി അകാലിദൾ നേതാവും സ്ഥാനാർഥിയുമായ ബിക്രംസിങ് മജീതിയക്ക് എതിരായി പഞ്ചാബിലെ കോൺഗ്രസ് സർക്കാർ രജിസ്ട്രർചെയ്ത ലഹരിമരുന്ന് കേസിലാണ് പരാമർശം. കേസിൽ 23 വരെ അറസ്റ്റുണ്ടാകരുതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. പത്രിക സമർപ്പിക്കാനും പ്രചാരണത്തിനും സാവകാശം അനുവദിക്കണം.
20ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം വിചാരണ കോടതിയിൽ കീഴടങ്ങാൻ മജീതിയയോട് നിർദ്ദേശിച്ചു. കേസ് രാഷ്ട്രീയ പകപോക്കലാണെന്ന് ബിക്രംസിങ്ങിന് വേണ്ടി മുതിർന്ന അഭിഭാഷൻ മുകുൾ റോഹ്തഗി പറഞ്ഞു.