തിരുവനന്തപുരം > ജലത്തിന്റെ ഗുണമേന്മ പരിശോധിച്ച് കളർ കോഡിങ് ഏർപ്പെടുത്തുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളിലെ അഞ്ച് ജല സ്രോതസ്സിലും പ്രദേശത്തുകൂടി കടന്നുപോകുന്ന പുഴകളിലുമാണ് പരിശോധന. ബിഒഡി ആൻഡ് ടോട്ടൽ കോളിഫാം പരിശോധന നടത്തിയാണ് കോഡിങ്.
സംസ്ഥാന ശുചിത്വ മിഷൻ ‘ഇനി ഞാൻ ഒഴുകട്ടെ’ ക്യാമ്പയിനിലെ ‘തെളിനീർ ഒഴുകും നവകേരളം’ സമ്പൂർണ ജല ശുചിത്വ യജ്ഞം പദ്ധതിയുടെ ഭാഗമായാണിത്.
യൂണിസെഫുമായി സഹകരിച്ചുള്ള പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ തദ്ദേശ സ്ഥാപനങ്ങൾ ജലസ്രോതസ്സുകളിലെ ഖര, ദ്രവ മാലിന്യത്തിന്റെ തോത് മനസ്സിലാക്കി മലിനീകരണം തടയാനാവശ്യമായ രൂപരേഖ തയാറാക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. ഇതിനുള്ള മാർഗരേഖ തയ്യാറാക്കാൻ ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, കില, ജലവിഭവ വകുപ്പ്, പഞ്ചായത്ത്, നഗരകാര്യ വകുപ്പുകളെ ഉൾപ്പെടുത്തി സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് രൂപീകരിച്ചു.