ന്യൂഡൽഹി > ഹരിയാന ഗുരുഗ്രാമിൽ ജുമാ നമസ്കാരം അലങ്കോലമാക്കാനുള്ള ഹിന്ദുത്വതീവ്രവാദികളുടെ നീക്കം തടയാത്ത ഉദ്യോഗസ്ഥർക്കെതിരായ കോടതിയലക്ഷ്യ ഹർജി ഉടൻ പരിഗണിക്കുമെന്ന് സുപ്രീംകോടതി. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് രാജ്യസഭാ എംപി മുഹമ്മദ് അദീബാണ് ഹർജി നൽകിയത്.
തിങ്കളാഴ്ച മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്സിങ്ങ് വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. നിരവധിപ്പേർ ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. ഹർജി അനുയോജ്യമായ ബെഞ്ചിന് ലിസ്റ്റ് ചെയ്യാമെന്ന് ചീഫ് ജസ്റ്റിസ് ഉറപ്പുനൽകി. വിദ്വേഷകുറ്റകൃത്യങ്ങൾ തടയണമെന്ന സുപ്രീംകോടതിയുടെ മുൻ ഉത്തരവ് ഉദ്യോഗസ്ഥർ ലംഘിച്ചെന്നാണ് ഹർജി.