ന്യൂഡൽഹി > സംയുക്ത കിസാൻ മോർച്ച ആഹ്വാനപ്രകാരം രാജ്യത്തുടനീളം പതിനായിരക്കണക്കിന് കർഷകർ വഞ്ചനാദിനം ആചരിച്ചു. വിവിധ സംസ്ഥാനങ്ങളിലെ നൂറുകണക്കിന് ജില്ലകളിലും ബ്ലോക്കുകളിലും ഉജ്വലമായ പ്രതിഷേധ പ്രകടനം നടന്നു. കർഷകർ കോലങ്ങൾ കത്തിച്ചു. സംയുക്ത കിസാൻ മോർച്ചയ്ക്ക് 2021 ഡിസംബർ ഒമ്പതിന് കൈമാറിയ കത്തിലെ വാഗ്ദാനങ്ങളിൽ നിന്ന് കേന്ദ്രസർക്കാർ പിൻവാങ്ങിയതിനാലാണ് വഞ്ചനാദിനം ആചരിച്ചത്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകർ രാഷ്ട്രപതിക്ക് നിവേദനം നൽകി.
കലക്ടർമാർ, എസ്ഡിഎമ്മുകൾ, എഡിഎമ്മുകൾ മുഖേനയാണ് നിവേദനം നൽകിയത്. കേന്ദ്രസർക്കാരിനെ രാഷ്ട്രപതി താക്കീത് ചെയ്യണം. കർഷകരെ വഞ്ചിച്ചാൽ രാജ്യത്തിന് ദോഷമാകുമെന്നും നിവേദനത്തിൽ ഉന്നയിച്ചു. വാഗ്ദാനം നിറവേറ്റിയില്ലെങ്ങിൽ വീണ്ടും പ്രക്ഷോഭം തുടങ്ങേണ്ടി വരും. ‘മിഷൻ ഉത്തർപ്രദേശ്’ എന്ന പേരിൽ യുപിയിൽ ബിജെപിക്ക് എതിരായ പ്രചാരണങ്ങൾ ശക്തമാക്കും. ദേശീയ പണിമുടക്ക് മാർച്ച് 28,29 തിയതികളിലേക്ക് മാറ്റിയ കേന്ദ്ര ട്രേഡ്യൂണിയനുകളുടെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ചു.