ന്യൂഡൽഹി > പെഗാസസ് ചാരപ്പണി സ്ഥിരീകരിച്ച് മൊബൈൽ പരിശോധിച്ച സൈബർ സുരക്ഷാ വിദഗ്ധരുടെ മൊഴി. ചാരസോഫ്റ്റവെയർ സാന്നിധ്യം കണ്ടെത്തിയതായി സുപ്രീംകോടതി വിദഗ്ധസമിതി മുമ്പാകെ രണ്ട് സൈബർ സുരക്ഷാവിദഗ്ധർ മൊഴി നൽകിയെന്ന് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു. അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചവരിൽ ചിലർ കൈമാറിയ മൊബൈലുകളാണ് പരിശോധിച്ചത്.
ഏഴുപേരുടെ മൊബൈലാണ് ഒരു വിദഗ്ധൻ പരിശോധിച്ചത്. രണ്ടെണ്ണത്തിൽ പെഗാസസ് കണ്ടെത്തി. ആറ് പേരുടെ ആൻഡ്രോയിഡ് ഫോൺ പരിശോധിച്ച മറ്റൊരു വിദഗ്ധൻ നാല് ഫോണിൽ പെഗാസസ് സാന്നിധ്യവും രണ്ടെണ്ണത്തിൽ രൂപാന്തരവും കണ്ടെത്തി. വിശ്വസനീയമായ ഫോറൻസിക് ഉപകരണം ഉപയോഗിച്ചായിരുന്നു പരിശോധന.
ഇത് ചൂണ്ടിക്കാട്ടി വിദഗ്ധർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. ഹർജിക്കാരുടെ ആവശ്യപ്രകാരമായിരുന്നു സമിതി വിദഗ്ധരുടെ മൊഴിയെടുത്തത്. കേന്ദ്രസർക്കാർ പെഗാസസ് വാങ്ങിയെന്ന “ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ടിൽ അന്വേഷണം ആവശ്യപ്പെട്ട് ഹർജിക്കാരിൽ ഒരാൾ സുപ്രീംകോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.