തിരുവനന്തപുരം > കൃഷിനാശം സംഭവിച്ചവർക്ക് രണ്ടു വർഷത്തിനിടെ നഷ്ടപരിഹാരമായി വിതരണം ചെയ്തത് 186.08 കോടി രൂപ. രണ്ടാഴ്ചമുമ്പ് അനുവദിച്ച തുകയും ചേർത്താണിത്. 2021 ജൂണിൽ 49.91 കോടി രൂപ വിതരണം ചെയ്തു. ഇതിൽ 10.5 കോടി രൂപ 2019–-20ലെ കുടിശ്ശികയാണ്. 2020–-21ൽ വിള ഇൻഷുറൻസ് പദ്ധതിക്കായി 20 കോടി രൂപയാണ് ബജറ്റിൽ നീക്കിവച്ചത്. അതേവർഷം 20 കോടി രൂപ അധികമായും നൽകി.
പ്രകൃതിക്ഷോഭംമൂലമുള്ള കൃഷി നാശത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 76.24 കോടി രൂപയും ഇതേവർഷം വിതരണം ചെയ്തു. ഈ സാമ്പത്തിക വർഷം ബജറ്റിൽ നീക്കിവച്ചത് 20 കോടി രൂപയാണ്. ഇതുവരെ 49.93 കോടി രൂപ അനുവദിച്ചു. വകയിരുത്തലിനേക്കാൾ 29.93 കോടി അധികം. ഇതിൽ 10 കോടി രൂപ കഴിഞ്ഞ 14ന് അനുവദിച്ചതാണ്.
വിള ഇൻഷുറൻസ് നഷ്ടപരിഹാരം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളിൽ ധന വകുപ്പിന്റെ പരിശോധനാ വിഭാഗം അന്വേഷണം തുടങ്ങി. ധന അഡീഷണൽ ചീഫ് സെക്രട്ടറിയാണ് പരിശോധനയ്ക്ക് നിർദേശം നൽകിയത്. കണക്കുകളിലെ പൊരുത്തക്കേടുകൾ വിലയിരുത്താനും നിർദേശിച്ചിട്ടുണ്ട്.
വിള ഇൻഷുറൻസ്
പ്രകൃതിക്ഷോഭങ്ങൾ മൂലമുണ്ടാകുന്ന കൃഷി നാശത്തിന് നഷ്ടപരിഹാരം ഉറപ്പാക്കുന്ന സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ നിശ്ചിത പ്രീമിയം അടച്ചാണ് കർഷകർ അംഗമാകുന്നത്. കൃഷി നാശത്തിൽ നിശ്ചിത നിരക്ക് അടിസ്ഥാനമാക്കിയാണ് നഷ്ടപരിഹാരം. വ്യക്തികൾക്കുണ്ടാകുന്ന വിളനാശം ഓരോന്നായി പരിശോധിച്ച് നഷ്ടപരിഹാരം നൽകുന്നതാണ് രീതി. 27 കാർഷിക വിളകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.