മനാമ> ലോകത്തിലെ ഏറ്റവും വലിയ എണ്ണച്ചായാ ചിത്രം ഒരുക്കിയെന്ന ഗിന്നസ് ലോക റെക്കോർഡ് മലയാളിക്ക്. അബുദബിയില് 60 അടി നീളവും 30 അടി ഉയരവുമുള്ള കൂറ്റന് ചിത്രമൊരുക്കിയ സരണ്സ് ഗുരുവായൂരിനാണ് ഗിന്നസ് റെക്കോഡ്. സഹായികളില്ലാതെ ഒരാൾ മാത്രം വരയ്ക്കുന്ന വിഭാഗത്തിലാണ് റെക്കോഡ്.
യുഎഇയുടെ 50-ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന് സായിദ് അല് നഹ്യാന്, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂം, അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന് എന്നിവരുടെ ഛായാചിത്രങ്ങളാണ് വരച്ചത്. ചിത്രം ദുബായ് എക്സ്പോ 2020 വേദിയില് പ്രദര്ശിപ്പിക്കാന് പദ്ധതിയുണ്ടെന്ന് ശരണ്സ് പറഞ്ഞു.
യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന് സുല്ത്താന് അല് നഹ്യാന്റെ ഏറ്റവും വലിയ ചിത്രം വരച്ച് 2020ല് സരണ്സ് ഗിന്നസ് റെക്കോര്ഡ് നേടിയിരുന്നു. അബുദാബി ഇന്ത്യാ സോഷ്യല് ആന്ഡ് കള്ചറല് സെന്ററില് നടന്ന ചടങ്ങില് ഇന്ത്യന് സ്ഥാനപതി സഞ്ജയ് സുധീര് ഗിന്നസ് സര്ട്ടിഫിക്കറ്റ് സരണ്സിനു സമ്മാനിച്ചു.