ന്യൂഡൽഹി
മഹാത്മാഗാന്ധിയുടെ 74–-ാം രക്തസാക്ഷിത്വ ദിനം രാജ്യം സമുചിതമായി ആചരിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ ഗാന്ധി സമാധിയായ രാജ്ഘട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു. മഹാത്മാഗാന്ധിയുടെ നവീനമായ ആശയം പ്രചരിപ്പിക്കാൻ എല്ലാവരും പരിശ്രമിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ രക്തസാക്ഷി ദിനത്തിൽ രാജ്യത്തെ ധീരതയോടെ സംരക്ഷിച്ച എല്ലാവർക്കും ആദരാഞ്ജലി അർപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഒരു ഹിന്ദുത്വവാദിയാണ് ഗാന്ധിജിയെ വെടിവച്ച് കൊന്നതെന്ന വസ്തുത വിസ്മരിക്കപ്പെടരുതെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. രാജ്ഘട്ടിൽ സർവമത പ്രാർഥന സംഘടിപ്പിച്ചു. ഗാന്ധിജിക്ക് പ്രിയപ്പെട്ട ഭജനകളും ഗാനങ്ങളും ആലപിച്ചു.















