ന്യൂഡൽഹി
രാജ്യത്തെ കോടിക്കണക്കിനു തൊഴിൽരഹിതരോടുള്ള കേന്ദ്രസർക്കാർ സമീപനം വ്യക്തമാകുന്നതാകും ചൊവ്വാഴ്ചത്തെ കേന്ദ്രബജറ്റ്. ഉത്തർപ്രദേശിലും ബിഹാറിലും തൊഴിൽരഹിതരുടെ പ്രക്ഷോഭം ആളിക്കത്തുകയാണ്. റെയിൽവേ നിയമനത്തിലെ പരിഷ്കാരത്തിനെതിരെയാണ് സമരമെങ്കിലും തൊഴിലില്ലായ്മയാണ് പ്രക്ഷോഭം കത്തിപ്പടരാൻ ഇടയാക്കിയത്. 35,281 ഒഴിവിലേക്ക് അപേക്ഷിച്ചത് 1.25 കോടിപ്പേരാണ്. കഴിഞ്ഞ ഡിസംബറിൽ രാജ്യത്തെ തൊഴിലില്ലായ്മനിരക്ക് 7.9 ശതമാനമാണെന്ന് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ) റിപ്പോർട്ടുണ്ടായിരുന്നു. നഗരങ്ങളിൽ ഇത് 9.3 ശതമാനമാണ്. തൊഴിലുള്ളവരിൽ ബഹുഭൂരിപക്ഷത്തിനും കുറഞ്ഞ വേതനമാണ്. 2020 മാർച്ചിനുശേഷം 20 കോടി തൊഴിൽ ഇല്ലാതായി. സ്ഥിരംതൊഴിൽ അവസരം കുറയുന്നു. കേന്ദ്രസർക്കാരിന്റെ സ്വകാര്യവൽക്കരണനടപടി സ്ഥിതി കൂടുതൽ വഷളാക്കി. കേന്ദ്രസർവീസിലും പൊതുമേഖല സ്ഥാപനങ്ങളിലും ലക്ഷക്കണക്കിനു തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. കാർഷികമേഖലയിലെ പ്രതിസന്ധി ഉത്തർപ്രദേശിലും ബിഹാറിലും പ്രശ്നം രൂക്ഷമാക്കി.
ബജറ്റിൽ സർക്കാർ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട മേഖല ഇതാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ സർക്കാർ വൻതോതിൽ നിക്ഷേപം നടത്തണം. അടിസ്ഥാനസൗകര്യ വികസനപദ്ധതി നടപ്പാക്കണം. ജനങ്ങളുടെ വാങ്ങൽശേഷി വർധിപ്പിക്കാൻ ആവശ്യമായ ഇടപെടലുണ്ടാകണമെന്നും യെച്ചൂരി വ്യക്തമാക്കി.















