ന്യൂഡൽഹി
പടിഞ്ഞാറൻ ഉത്തർപ്രദേശിൽ കർഷക രോഷത്തിൽ പകച്ച് ബിജെപി സ്ഥാനാർഥികൾ. പല മണ്ഡലങ്ങളിലും സ്ഥാനാർഥികളെ ജനങ്ങൾ കരിങ്കൊടി കാട്ടി ആട്ടിപ്പായിക്കുന്നു. വാഹനവ്യൂഹത്തിനുനേരെ കല്ലേറും പതിവാണ്. ജനരോഷം ഭയന്ന് കനത്ത പൊലീസ് സംരക്ഷണയിലാണ് പ്രചാരണം.
സിവാൽഖാസ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി മനീന്ദർ പാൽ സിങ്ങിന്റെ വാഹനവ്യൂഹം ചുർ ഗ്രാമത്തിൽ കഴിഞ്ഞയാഴ്ച പ്രതിഷേധത്തിനിരയായി. കല്ലേറിൽ വാഹനങ്ങളുടെ ചില്ല് തകർന്നു. പര്യടനം ഉപേക്ഷിക്കേണ്ടിവന്നു. വ്യാഴാഴ്ച മുസഫർനഗറിലെ ഖടൗലിയിൽ ബിജെപി സ്ഥാനാർഥി വിക്രം സെയ്നിയെ കർഷകർ വളഞ്ഞുവച്ചു. കർഷകസമരത്തെ അവഹേളിച്ചതിലായിരുന്ന രോഷപ്രകടനം. നേരത്തേ മുന്നാവർ കലാനിലും ഇയാൾക്കുനേരെ പ്രതിഷേധം ഉയർന്നിരുന്നു. ബാഗ്പത്തിലെ ചപ്രൗളിയിൽ സ്ഥാനാർഥിയായ സഹേന്ദ്ര രമളയ്ക്കും പ്രതിഷേധം നേരിട്ടു. ദാഹയിൽ ഗ്രാമീണർ കരിങ്കൊടി കാട്ടി. നിരുപദ ഗ്രാമത്തിൽ രമളയ്ക്ക് കർഷകർ പ്രവേശനം നിഷേധിച്ചു.
കർഷകദ്രോഹ നിയമങ്ങൾ പാസാക്കിയവർക്കെതിരായി ജനകീയ പ്രതിഷേധം സ്വാഭാവികമാണെന്ന് ബികെയു നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. കർഷകരെ അവഗണിക്കുന്നവർക്ക് ഇത്തരം സാഹചര്യം നേരിടേണ്ടിവരും. ആർക്ക് വോട്ട് നൽകണമെന്ന് കർഷകർ തീരുമാനിച്ചിട്ടുണ്ട്. പകുതി വിലയ്ക്ക് വിളകൾ വിൽക്കുന്നതിൽ മടിയില്ലാത്തവർ മാത്രമേ ബിജെപിക്ക് വോട്ടുചെയ്യൂവെന്നും ടിക്കായത്ത് പറഞ്ഞു.















