ന്യൂഡൽഹി
വിഭവസമാഹരണത്തിന് കേന്ദ്രം ഏതു മാർഗം സ്വീകരിക്കുമെന്നതാണ് കേന്ദ്രബജറ്റിന് രണ്ടുനാൾ ശേഷിക്കെ ഉയരുന്ന പ്രധാന ചോദ്യം. അതിസമ്പന്നരിൽനിന്ന് കൂടുതൽ നികുതി ഈടാക്കുമോ? പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ഉയർന്ന തീരുവ നിലനിർത്തി ജനങ്ങളെ വീണ്ടും പിഴിയുമോ? ഉത്തർപ്രദേശ് അടക്കം അഞ്ച് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നാടകീയ പ്രഖ്യാപനം പ്രതീക്ഷിക്കുന്നവരുമുണ്ട്.
കോവിഡ് കാലത്തും രാജ്യത്ത് അസമത്വം കുത്തനെ വളര്ന്നു. 2020 മാർച്ച് മുതൽ 2021 നവംബർ വരെ രാജ്യത്തെ ശതകോടീശ്വരൻമാരുടെ സ്വത്ത് 23.14 ലക്ഷം കോടി രൂപയിൽനിന്നും 53.16 ലക്ഷം കോടിയായി. എന്നാൽ, നാലു കോടിയിലേറെ പേർ ഒറ്റവർഷത്തിൽ അതിദരിദ്രരായി. ആരോഗ്യ, വിദ്യാഭ്യാസ,സാമൂഹ്യക്ഷേമ മേഖലയില് സർക്കാർ മുതൽമുടക്ക് കുത്തനെ ഇടിഞ്ഞു.
ആരോഗ്യമേഖല വിഹിതം 2020–-21 വർഷത്തിൽ 10 ശതമാനം ഇടിഞ്ഞു. വിദ്യാഭ്യാസവിഹിതം ആറു ശതമാനം കുറഞ്ഞു. മോദിസർക്കാർ വന്നശേഷം ഓരോ ബജറ്റിലും കോർപറേറ്റ് നികുതി വെട്ടിക്കുറച്ചു.പെട്രോള്-, ഡീസല് വില വര്ധന സർവമേഖലയിലും വിലക്കയറ്റമുണ്ടാക്കി. സാധാരണക്കാരും ദരിദ്രരുമാണ് ഇതിന്റെ കെടുതികൾ അനുഭവിക്കുന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് മതിയായ വിഹിതം അനുവദിക്കുന്നില്ല. ജിഎസ്ടി സംവിധാനത്തിൽ പ്രശ്നങ്ങൾ തുടരുന്നു.കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനം എങ്ങുമെത്തിയിട്ടില്ല.
പൊതുആരോഗ്യസംവിധാനങ്ങളുടെ അപര്യാപ്തത മഹാമാരികാലം പുറത്തുകൊണ്ടുവന്നു. എന്നാൽ സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സർക്കാർ തുടരുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളും ആസ്തികളും വിറ്റഴിച്ച് പണം കണ്ടെത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്.