ന്യൂഡൽഹി
ഇസ്രയേൽ ചാര സോഫ്റ്റ്വെയറായ പെഗാസസ് മോദി സർക്കാർ 2017ൽ വാങ്ങിയെന്ന് ന്യൂയോർക്ക് ടൈംസ് വെളിപ്പെടുത്തൽ. 2017 ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ സന്ദർശിച്ച ഘട്ടത്തിലാണ് പെഗാസസ് വാങ്ങാൻ ധാരണയായത്. അത്യാധുനിക ആയുധങ്ങളും രഹസ്യാന്വേഷണ സംവിധാനങ്ങളും ഉൾപ്പെടെ 200 കോടി ഡോളറിന്റെ (15,000 കോടി രൂപ) കരാറില് ഇന്ത്യയും ഇസ്രയേലും എത്തി. ഒരു മിസൈൽ സംവിധാനവും പെഗാസസ് ചാര സോഫ്റ്റ്വെയറുമായിരുന്നു ഇടപാടിൽ പ്രധാനം–- ന്യൂയോർക്ക് ടൈംസ് വെളിപ്പെടുത്തി.
ഒരു വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇക്കാര്യം പത്രം കണ്ടെത്തിയത്.മൊബൈൽ ഫോണിൽ നുഴഞ്ഞുകയറി സംഭാഷണം അടക്കം വിവരം ചോർത്തുന്ന ചാരസോഫ്റ്റ്വെയർ ഏതെല്ലാം രാജ്യം വാങ്ങിയെന്നും എങ്ങനെയെല്ലാം ദുരുപയോഗിച്ചെന്നും റിപ്പോര്ട്ട് വെളിപ്പെടുത്തി. യുഎസ് ചാരസംഘടന എഫ്ബിഐയും പെഗാസസ് വാങ്ങിയെന്ന് കണ്ടെത്തി. സൗദി, മെക്സിക്കോ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ പെഗാസസ് ദുരുപയോഗിച്ച രീതിയും റിപ്പോർട്ട് വിശദമാക്കി. പോളണ്ട്, ഹംഗറി തുടങ്ങിയ രാജ്യങ്ങളും പെഗാസസ് വാങ്ങി.
പലസ്തീൻ വിരുദ്ധവോട്ടിന് പിന്നില്
അന്തർദേശീയവേദികളിൽ പലസ്തീൻ വിഷയത്തില് മറ്റ് രാജ്യങ്ങളുടെ പിന്തുണനേടാനും ഇസ്രയേൽ പെഗാസസ് ആയുധമാക്കി. മെക്സിക്കോ, പനാമ തുടങ്ങിയ രാജ്യങ്ങൾ പെഗാസസ് ലഭിച്ച ശേഷം അന്താരാഷ്ട്രവേദികളിൽ ഇസ്രയേല് അനുകൂല നിലപാട് സ്വീകരിച്ചു. ഇന്ത്യ 2019ൽ യുഎന്നിന്റെ സാമ്പത്തിക–- സാമൂഹ്യ കൗൺസിലിൽ പലസ്തിന് എൻജിഒയ്ക്ക് നിരീക്ഷകസ്ഥാനം നല്കുന്നതിനെതിരെ വോട്ട് ചെയ്തു. പലസ്തീൻവിരുദ്ധ നിലപാട് ഇന്ത്യ സ്വീകരിച്ചത് ആദ്യം. 2017ലെ മോദിയുടെ ഇസ്രയേൽ സന്ദർശനമാണ് വഴിത്തിരിവായത്. ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവും മോദിയും അടുത്ത സൗഹൃദം പങ്കിട്ടു. ബീച്ചിൽ നഗ്നപാദരായി കൈകോർത്ത് നടന്നു. പിന്നാലെ നെതന്യാഹു ഇന്ത്യയിലെത്തി. പലസ്തീനെതിരെ ഇന്ത്യ നിലപാട് സ്വീകരിച്ചു തുടങ്ങി–- ന്യൂയോർക്ക് ടൈംസ് ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ നൂറിലേറെ പേരെ ചോർത്തി
കോളിളക്കമുണ്ടാക്കിയ പെഗാസസ് ഫോൺ ചോർത്തൽ 2021 ജൂലൈയിലാണ് മാധ്യമസ്ഥാപനങ്ങളുടെ അന്തർദേശീയ കൂട്ടായ്മ പുറത്തു കൊണ്ടുവന്നത്. ഫ്രഞ്ച് മാധ്യമസ്ഥാപനമായ ‘ഫോർബിഡൻ സ്റ്റോറീസി’ന്റെ നേതൃത്വത്തിലുള്ള മാധ്യമ കൂട്ടായ്മയിൽ ഇന്ത്യയിൽനിന്ന് ഓൺലൈൻ വാർത്താപോർട്ടലായ ‘ദി വയർ’ ഉൾപ്പെട്ടു.
ഇന്ത്യയിലെ ചോർത്തലിന്റെ വിശദാംശം ‘ദി വയർ’ പുറത്തുവിട്ടു. ഉന്നത രാഷ്ട്രീയ നേതാക്കൾ, ജഡ്ജിമാർ, ഉന്നത ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ തുടങ്ങി നൂറിലേറെപേർ ലക്ഷ്യംവയ്ക്കപ്പെട്ടതായി കണ്ടെത്തി.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, കേന്ദ്ര മന്ത്രിമാരായ അശ്വനി വൈഷ്ണവ്, പ്രഹ്ലാദ് പട്ടേൽ, സുപ്രീംകോടതി ജഡ്ജിയായിരുന്ന അരുൺ മിശ്ര, മുൻ തെരഞ്ഞെടുപ്പ് കമീഷൻ അംഗം അശോക് ലവാസ, മുൻ സിബിഐ ഡയറക്ടർ അലോക് വർമ്മ, നാൽപ്പതോളം മാധ്യമ പ്രവർത്തകർ തുടങ്ങിയവർ ലക്ഷ്യംവയ്ക്കപ്പെട്ടവരുടെ പട്ടികയിലുണ്ട്.
കേന്ദ്രം അന്വേഷണത്തിന് വിസമ്മതിച്ചതോടെ രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് അടക്കമുള്ളവർ സുപ്രീംകോടതിയെ സമീപിച്ചു. ഫോൺ ചോർത്തൽ അന്വേഷിക്കുന്നതിനായി മുൻ ജസ്റ്റിസ് ആർ വി രവീന്ദ്രന്റെ നേതൃത്വത്തിൽ സുപ്രീംകോടതി മൂന്നംഗ സമിതിയെ നിയോഗിച്ചു. സുപ്രീംകോടതി സമിതി അന്വേഷണത്തിലേക്ക് കടന്ന ഘട്ടത്തിലാണ് ന്യൂയോർക്ക് ടൈംസ് വെളിപ്പെടുത്തൽ.
അഴിഞ്ഞുവീണു, കേന്ദ്രത്തിന്റെ പ്രതിരോധം
ചാരസോഫ്റ്റ്വെയർ വിഷയത്തിൽ മോദി സർക്കാർ പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചെന്ന് വ്യക്തമാക്കുന്നതാണ് ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട്. പെഗാസസ് ഇന്ത്യ വാങ്ങിയിട്ടില്ലെന്നാണ് പ്രതിരോധമന്ത്രാലയം രാജ്യസഭയിൽ വി ശിവദാസന് മറുപടി നൽകിയത്. സുപ്രീംകോടതിയിലാകട്ടെ “രാജ്യസുരക്ഷപ്രശ്നം’ ഉയര്ത്തി ഇക്കാര്യം മറച്ചുവയ്ക്കാന് കേന്ദ്രം തുനിഞ്ഞു. സുപ്രീംകോടതി ആവർത്തിച്ച് ചോദിച്ചിട്ടും വിശദ മറുപടി നൽകിയില്ല. ഇതോടെ സുപ്രീംകോടതി നിയോഗിച്ച അന്വേഷണസമിതിയുടെ പരിഗണനാവിഷയങ്ങളിൽ പെഗാസസ് കേന്ദ്രം വാങ്ങിയിട്ടുണ്ടോ എന്നതും ഉൾപ്പെടുത്തി.വാട്സാപില് പെഗാസസ് നുഴഞ്ഞുകയറിയെന്ന് 2019ൽ റിപ്പോർട്ടുവന്നു.
പാർലമെന്റിൽ ഇക്കാര്യം സ്ഥിരീകരിച്ചെങ്കിലും കേന്ദ്രം തുടർനടപടി വ്യക്തമാക്കിയില്ല. ഇന്ത്യയിലടക്കം പെഗാസസ് ഉപയോഗിക്കുന്നതിന്റെ വിശദാംശം കഴിഞ്ഞവർഷം ആംനെസ്റ്റി ഇന്റർനാഷണൽ സെക്യൂരിറ്റി ലാബ് പുറത്തുവിട്ടു. സർക്കാര് ഏജന്സികള്ക്ക് മാത്രമാണ് പെഗാസസ് വിറ്റതെന്ന് ഇസ്രയേലി കമ്പനി എൻഎസ്ഒ വെളിപ്പെടുത്തി.എന്നാല്, വി ശിവദാസൻ ആഗസ്ത് ഒമ്പതിന് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് എൻഎസ്ഒ ഗ്രൂപ്പുമായി പ്രതിരോധമന്ത്രാലയം ഇടപാടൊന്നും നടത്തിയിട്ടില്ലെന്ന് സഹമന്ത്രി അജയ് ഭട്ട് മറുപടി നൽകി.പെഗാസസ് ഇന്ത്യ വാങ്ങിയില്ലെന്ന് ഐടി മന്ത്രി അശ്വനി വൈഷ്ണവും പാർലമെന്റിൽ അറിയിച്ചു. 200 കോടി ഡോളർ ഇടപാടിന്റെ ഭാഗമായാണ് ഇന്ത്യ ഇസ്രയേലിൽനിന്ന് പെഗാസസ് വാങ്ങിയതെന്നാണ് ‘ന്യൂയോർക്ക് ടൈംസ്’ വെളിപ്പെടുത്തല്.