ന്യൂഡൽഹി
രാജ്യത്തെ പരമോന്നത കോടതിയുടെ ആദ്യ സിറ്റിങ്ങിന് 72 വയസ്സ്. 1950 ജനുവരി 28നായിരുന്നു സുപ്രീംകോടതിയുടെ ആദ്യ സിറ്റിങ്. സുപ്രീംകോടതിയിലെ ആറ് ജഡ്ജിമാർ, വിവിധ ഹൈക്കോടതികളിലെ ജഡ്ജിമാർ, പ്രധാനമന്ത്രി, ഉപപ്രധാനമന്ത്രി, അറ്റോർണിജനറൽ, അഡ്വക്കറ്റ് ജനറൽമാർ തുടങ്ങിയ വിശിഷ്ട വ്യക്തികൾ ചരിത്രനിമിഷത്തിന് സാക്ഷ്യംവഹിച്ചു. സുപ്രീംകോടതി രാജ്യത്തിന്റെ മനഃസാക്ഷിയായി പ്രവർത്തിക്കുമെന്നാണ് അന്നത്തെ അറ്റോർണി ജനറലായിരുന്ന എം സി സെതൽവാദ് പ്രത്യാശ പ്രകടിപ്പിച്ചത്.
അന്തിമ ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരം കോടതിക്ക് വിട്ടുനൽകിയതിലൂടെ ഭരണഘടനയും ജനപ്രതിനിധികളും നിയമത്തിലുള്ള അവരുടെ പരിപൂർണമായ ആത്മവിശ്വാസമാണ് പ്രകടിപ്പിച്ചിരിക്കുന്നതെന്ന് ആദ്യ ചീഫ് ജസ്റ്റിസായിരുന്ന എച്ച് ജെ കനിയ അന്ന് പ്രതികരിച്ചു. നിലവില് വീഡിയോകോൺഫറൻസ് വഴിയാണ് സുപ്രീംകോടതി കേസുകൾ പരിഗണിക്കുന്നത്.















