കൊച്ചി
നടിയെ ആക്രമിച്ച കേസിലെ അന്വേഷകസംഘത്തെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന് കുരുക്കായി സിഡിആർ (കോൾ ഡീറ്റൈയിൽ റെക്കോഡ്സ്). ദിലീപിന്റെ പഴയ ഫോണുകളിലൊന്നിൽനിന്ന് ഒരുവർഷത്തിനിടെ നടത്തിയ 12,000 വിളികളുടെ വിവരം അന്വേഷകസംഘം കണ്ടെത്തി.
ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മൊബൈൽ ഫോണുകൾ നിർണായക തെളിവുകളാണെന്നും അവ പരിശോധിക്കേണ്ടതാണെന്നുമുള്ള അന്വേഷകസംഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചതോടെ ഫോണുകൾ കേസിൽ വഴിത്തിരിവാകും. പിടിച്ചെടുത്ത പുതിയ ഫോണിൽ 40 വിളികൾമാത്രമാണുണ്ടായത്.സംവിധായകൻ പി ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനുപിന്നാലെ ക്രൈംബ്രാഞ്ച് ദിലീപിന്റെ ആലുവയിലെ വീട്ടിൽ ജനുവരി 13ന് നടത്തിയ റെയ്ഡിൽ മൂന്ന് മൊബൈൽഫോണുകൾ പിടിച്ചെടുത്തിരുന്നു.
ദിലീപും കൂട്ടാളികളും ഒന്നിച്ച് ഫോൺ മാറ്റിയത് തെളിവ് നശിപ്പിക്കാനാണെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. നടിയെ ആക്രമിക്കാൻ സുനിൽകുമാറിന് നൽകിയ ക്വട്ടേഷൻ, അപകീർത്തികരമായ ദൃശ്യങ്ങൾ, പ്രതികളുമായി ബന്ധപ്പെട്ട വിവരങ്ങൾ, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ വിവരങ്ങൾ, വാട്സാപ് വഴിയുള്ള വിളികൾ, ചാറ്റുകൾ എന്നിവയും പഴയ ഫോണുകളിലുണ്ടാകുമെന്നാണ് നിഗമനം. ഫോണുകൾ മുംബൈയിലെ സ്വകാര്യ ലാബിലേക്ക് അയച്ചതും തെളിവ് നശിപ്പിക്കാനാണെന്നാണ് വിവരം.
സുരാജിന്റെ
ഫോണും തെളിവാകും
സുരാജിന്റെ ഫോണും വലിയ തെളിവായി മാറുമെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. പണം നൽകിയും ഭീഷണിപ്പെടുത്തിയും സാക്ഷികളെ സ്വാധീനിക്കാൻ സുരാജാണ് നേതൃത്വം നൽകിയതെന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ സിഡിആർ രേഖകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
തെളിവുകൾ കണ്ടെത്തിയെന്ന്
പ്രോസിക്യൂഷൻ
ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിനെതിരെ തെളിവുണ്ടെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി എ ഷാജി വ്യക്തമാക്കി.
എംജി റോഡിലെ ഫ്ലാറ്റിൽ ഗൂഢാലോചന നടത്തി. 2019ൽ ഒരു സിനിമാനിർമാതാവുമായി നടത്തിയ സംഭാഷണവും കണ്ടെത്തിയിട്ടുണ്ട്. എറണാകുളം പൊലീസ് ക്ലബ്ബിന് സമീപം ഉണ്ടായ ഗൂഢാലോചനയ്ക്കും തെളിവുണ്ട്. പൊലീസ് കണ്ടെത്തിയ തെളിവുകൾ ഗൂഢാലോചന തെളിയിക്കാനുതകുന്നതാണോ എന്ന് കോടതി ആരാഞ്ഞു.
ആരോപണങ്ങൾ പൊലീസ് കെട്ടിച്ചമച്ചതാണെന്ന് പ്രതിഭാഗം ആരോപിച്ചു. നടിയെ ആക്രമിച്ച കേസിൽ തെളിവുണ്ടാക്കാനാണ് പുതിയ കേസ്. തുടരന്വേഷണത്തിന് പ്രതികളെ കസ്റ്റഡിയിൽ ലഭിക്കില്ലെന്ന് കണ്ടാണ് പുതിയ നീക്കം. പൊലീസും മാധ്യമങ്ങളും തനിക്കെതിരാണെന്നും കോടതിയുടെ കരുണയുണ്ടാകണമെന്നും പ്രതിഭാഗം ബോധിപ്പിച്ചു. കേസിൽ സർക്കാരിനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി നാരായണനും ഹാജരായി.
ആരോപണം തള്ളാനാകില്ല: കോടതി
ഗൂഢാലോചന നടന്നുവെന്ന ആരോപണം തള്ളിക്കളയാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഉത്തരവ് നടപ്പാക്കാൻ നിർദേശിച്ചു. ദിലീപ് സ്വന്തം വിദഗ്ധനെ ഉപയോഗിച്ച് ഫോൺ പരിശോധിക്കുന്നത് നിയമവിരുദ്ധമാണ്. സ്വകാര്യതാലംഘനമാണെന്ന ദിലീപിന്റെ വാദം അംഗീകരിക്കാനാകില്ല. ആധാർ കേസിൽ ഇക്കാര്യം സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ആരോപണങ്ങൾ ഗുരുതരമാണെന്നും കോടതി വ്യക്തമാക്കി.















