ന്യൂഡൽഹി: ഇന്ത്യയുടെ സൗരദൗത്യത്തിനുളള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ആദിത്യ എൽ1 പേടകം ഈ വർഷം വിക്ഷേപിച്ചേക്കുമെന്ന് ഐഎസ്ആർഒയുടെ മുൻ മേധാവി എ.എസ്. കിരൺ കുമാർ പറഞ്ഞു. സ്പേസ് റേഡിയേഷൻ വർക്ക്ഷോപ്പ്: റേഡിയേഷൻ കാരക്‍ടറൈസേഷൻ ഫ്രം സൺ റ്റു എർത്ത്, മൂൺ, മാർസ്, ആന്റ് ബിയോണ്ട് എന്ന ഒരു ഇൻഡോ-യുഎസ് വർക്ക്ഷോപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐഎസ്ആർഒയുടെ മാർസ് ഓർബിറ്റർ ഏഴ് വർഷം പൂർത്തിയാക്കി. ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൂരദർശിനി ആസ്ട്രോ സാറ്റ് ഭ്രമണപഥത്തിലെത്തിച്ചു. വിവിധ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ തമ്മിലുള്ള സഹകരണമാണ് ഇത്. വിവിധ ബഹിരാകാശ ഗവേഷണ പഠനങ്ങൾക്കായി ഇത് വിവരങ്ങൾ നൽകുന്നുണ്ട്.
ചന്ദ്രയാൻ 2 ഓർബിറ്റർ കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നു. ഇനിയും ഏറെ വർഷക്കാലം ഈ പേടകത്തിന് പ്രവർത്തിക്കാൻ സാധിക്കും. അദ്ദേഹം പറഞ്ഞു.
ഭാവിയിൽ ചാന്ദ്ര ഗവേഷണ പദ്ധതിയ്‍ക്ക് വേണ്ടി ജപ്പാൻ എയറോസ്പേസ് എക്സ്പ്ലൊറേഷൻ ഏജൻസി (ജാക്സ) യും ഐഎസ്ആർഒയും തമ്മിൽ സഹകരിക്കുമന്നും അദ്ദേഹം പറഞ്ഞു.
ഇന്തോ-യുഎസ് സയൻസ് ആൻഡ് ടെക്നോളജിയുടെ പിന്തുണയിൽ നൈനിറ്റാളിലെ ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഒബ്സർവേഷണൽ സയൻസസും (ഏരീസ്) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആന്റ് റിസർച്ചു(ഐസർ)മാണ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചത്.
സൂര്യനെ കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ പദ്ധതിയാണ് ആദിത്യ-എൽ1. 400 കിലോഗ്രാം ഭാരമുള്ള പേടകമായിരിക്കും ആദിത്യ എൽ1 എന്നാണ് ഐഎസ്ആർഒ നൽകുന്ന വിവരം. വിസിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫ് ഉൾപ്പടെയുള്ള ഉപകരണങ്ങളുമായി പുറപ്പെടുന്ന പേടകം ഭൂമിയ്‍ക്കും സൂര്യനുമിടയിലെ ലാഗ് റേഞ്ചിയൻ പോയിന്റ് 1 (Lagrangian Point 1- L1) ലെ ഹാലോ ഓർബിറ്റിലാണ് വിക്ഷേപിക്കുക. നേരത്തെ ഇത് ഭൂമിയിൽ നിന്നും 800 കിലോമീറ്റർ ദൂരത്ത് വിക്ഷേപിക്കാനായിരുന്നു പദ്ധതി. എന്നാൽ സൂര്യനെ നിരന്തരം കാണാൻ അവിടെ നിന്നും സാധിക്കില്ല എന്ന കാരണത്താൽ എൽ1 ലേക്ക് മാറ്റുകയായിരുന്നു.
Content Highlights: ISROs Aditya-L1 mission likely to be launched this year