തിരുവനന്തപുരം
മൂന്നുമാസത്തിൽ കൂടുതൽ ഗർഭിണിയായവർക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഇനി ജോലിയോ ഉദ്യോഗക്കയറ്റമോ ഇല്ല. നിയമനം സംബന്ധിച്ച് ബാങ്ക് പുറത്തിറക്കിയ പുതിയ മാർഗനിർദേശത്തിലാണ് സ്ത്രീവിരുദ്ധമായ തീരുമാനം. മൂന്നുമാസത്തിൽ കൂടുതൽ ഗർഭിണികളായവർ നിയമന–- ഉദ്യോഗക്കയറ്റ ലിസ്റ്റിൽപ്പെട്ടാൽ പ്രസവശേഷം നാലുമാസം കഴിഞ്ഞ് നിയമിച്ചാൽ മതിയെന്നാണ് നിർദേശം. ഗർഭം ഇല്ലെന്ന് ഉറപ്പാക്കാൻ വൈദ്യപരിശോധനയ്ക്ക് വിധേയമാകണമെന്നും ചട്ടം കെട്ടുന്നു. ആർത്തവകാല വിവരങ്ങളും ബാങ്കിനെ ബോധിപ്പിക്കണം.
എന്നാൽ, ഗർഭധാരണം നിയമനത്തിന് അയോഗ്യതയല്ലെന്നുകാട്ടി എസ്ബിഐ തന്നെ 2009ൽ ലോക്കൽ ഓഫീസുകൾക്ക് സർക്കുലർ അയച്ചിരുന്നു. ആറുമാസം ഗർഭിണിയായാലും ജോലിയിൽ പ്രവേശിക്കാമെന്നായിരുന്നു സർക്കുലർ. ഗർഭസ്ഥ ശിശുവിനോ അമ്മയുടെ ആരോഗ്യത്തിനോ പ്രശ്നമുണ്ടാകില്ലെന്ന ഗൈനക്കോളജിസ്റ്റിന്റെ സാക്ഷ്യപത്രം മതിയായിരുന്നു. ഇതിനു വിരുദ്ധമാണ് പുതിയ തീരുമാനം.