തിരുവനന്തപുരം
ഭിന്നശേഷിക്കാർക്ക് ചെറുകിട സംരംഭ വായ്പ നൽകുന്ന പദ്ധതിയുമായി സഹകരണ സംഘങ്ങൾ. എൽഡിഎഫ് സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ നൂറുദിന പരിപാടിയിൽ ആനുകൂല്യം നൽകും.
അഭ്യസ്തവിദ്യരായ ഒരുലക്ഷത്തിലേറെ ഭിന്നശേഷിക്കാർ തൊഴിൽരഹിതരായുണ്ടെന്നാണ് കണക്ക്. ആദ്യഘട്ടം ഇവരെയാണ് പരിഗണിക്കുക. എംപ്ലോയ്മെന്റ്, താൽക്കാലിക–-കരാർ, ദിവസ വേതനം തുടങ്ങിയവ വഴി തെരഞ്ഞെടുത്ത അയ്യായിരത്തി അഞ്ഞുറോളം പേരുണ്ട്. ഇവരെയും ഇതിൽ നിയമന കാലാവധി കഴിഞ്ഞവരെയും പദ്ധതിയുടെ ഭാഗമാക്കും. കേരള ബാങ്ക്, അർബൻ സഹകരണ ബാങ്ക്, പ്രാഥമിക സഹകരണ സംഘം തുടങ്ങിയവയെല്ലാം പദ്ധതിയുടെ ഭാഗമാകും. ഓരോ പ്രാഥമിക സംഘവും ബാങ്കും പദ്ധതി കാലയളവിൽ ഭിന്നശേഷിക്കാരായ അഞ്ചുപേർക്ക് തൊഴിൽ സംരംഭ വായ്പ ഉറപ്പാക്കണം. പരമാവധി മൂന്നുലക്ഷം രൂപ വരെ നൽകാം. അപേക്ഷകന്റെ ശാരീരികാവസ്ഥയ്ക്ക് അനുയോജ്യമായ പദ്ധതികൾക്ക് മുൻതൂക്കം നൽകും. ഗഡുക്കളായി നൽകുന്ന വായ്പ നാലു വർഷത്തിനുള്ളിൽ തിരിച്ചടച്ചാൽ മതി. പലിശയിൽ സംഘങ്ങളുടെ മാർജിൻ ഒഴിവാക്കും.