ന്യൂഡൽഹി
പഞ്ചാബിൽ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി അഞ്ച് കോൺഗ്രസ് എംപിമാർ ബഹിഷ്കരിച്ചതായി റിപ്പോർട്ടുകൾ. അനന്ത്പുർസാഹിബ് എംപി മനീഷ് തിവാരി, ഖദൂർസാഹിബ് എംപി ജസ്ബീർ സിങ് ഗിൽ, പട്യാല എംപി പ്രണീത് കൗർ, ലുധിയാന എംപി രവ്നീത് സിങ് ബിട്ടു, ഫരീദ്കോട് എംപി മുഹമദ് സാദിഖ് എന്നിവരാണ് വ്യാഴാഴ്ച പഞ്ചാബിൽ എത്തിയ രാഹുലിന്റെ പരിപാടികളിൽനിന്നു വിട്ടുനിന്നത്. ബഹിഷ്കരണ വാർത്തസംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ നിഷേധിച്ചു.
പഞ്ചാബിൽ കടുത്ത സംഘടനാ പ്രശ്നം നേരിടുന്ന കോൺഗ്രസിന് എംപിമാരുടെ വിട്ടുനിൽക്കൽ വെല്ലുവിളി. പരിപാടിക്ക് എത്തില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നതായി ജസ്ബീർ സിങ് ഗിൽ പറഞ്ഞു. മറ്റ് എംപിമാർ പ്രതികരിച്ചിട്ടില്ല. പ്രസിഡന്റ് സ്ഥാനം ഔദ്യോഗികമായി ഏറ്റെടുക്കാതെ നേതാവ് ചമയുന്ന രാഹുലിന്റെ സമീപനത്തിൽ പ്രതിഷേധിച്ചാണ് എംപിമാരുടെ നടപടിയെന്നാണ് റിപ്പോർട്ട്. മുൻമുഖ്യമന്ത്രി അമരീന്ദർ സിങ് കോണ്‍ഗ്രസ് വിട്ടത് വന്‍ തിരിച്ചടിയാണ്.
ചരൺജിത്ത് സിങ് ചന്നിയെ മുഖ്യമന്ത്രിയാക്കിയെങ്കിലും പിസിസി പ്രസിഡന്റ് നവ്ജ്യോത് സിങ് സിദ്ദു ഇടഞ്ഞുനിൽക്കുന്നു. നേതാക്കളുടെ തമ്മിലടി കാരണം മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാനായിട്ടില്ല.എഎപിയും അമരീന്ദർ സിങ്ങിന്റെ പഞ്ചാബ് ലോക് കോൺഗ്രസും കടുത്ത വെല്ലുവിളിയാണ്.
സ്ഥാനാര്‍ഥികളുമായി
ക്ഷേത്രദര്‍ശനം
അമൃത്സറിലെത്തിയ രാഹുൽ സുവർണക്ഷേത്രം അടക്കമുള്ള ആരാധനാലയങ്ങളിൽ പ്രാർഥിച്ചു. കോൺഗ്രസിന്റെ 109 സ്ഥാനാർഥികൾക്കൊപ്പമാണ് സുവർണക്ഷേത്രത്തിൽ എത്തിയത്. തുടർന്ന് ദുർഗിയാന മന്ദിർ, ഭഗ്വാൻ വത്മീകി തീർഥ്സ്ഥൽ എന്നിവിടങ്ങളും സന്ദർശിച്ചു. കഴിഞ്ഞ നാലിന് വൻറാലിയോടെ പഞ്ചാബിൽ പ്രചാരണത്തിനു തുടക്കമിടാൻ തീരുമാനിച്ചെങ്കിലും രാഹുൽ വിദേശത്ത് സുഖവാസത്തിലായതിനാൽ ഉപേക്ഷിക്കേണ്ടി വന്നു.