തിരുവനന്തപുരം
കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളെ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കി കടുത്ത നിയന്ത്രണമുള്ള “സി’ വിഭാഗത്തിൽ ഉൾപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഇതോടെ തിരുവനന്തപുരം ഉൾപ്പെടെ “സി’ വിഭാഗത്തിലുള്ള ജില്ലകൾ അഞ്ചായി. ‘എ’ യിൽ നിന്നാണ് കോട്ടയം “സി’യിലെത്തിയത്. മറ്റ് മൂന്ന് ജില്ല “ബി’യിലായിരുന്നു. ‘എ’ യിലായിരുന്ന കണ്ണൂർ “ബി’ വിഭാഗത്തിലായി. കാസർകോട് ജില്ലമാത്രം ഒരു വിഭാഗത്തിലും ഉൾപ്പെട്ടിട്ടില്ല. നിയന്ത്രണം വെള്ളിയാഴ്ച മുതൽ നിലവിൽ വരും.
സി വിഭാഗം
(തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി)
പൊതുപരിപാടികൾ അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈനായി. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 പേർ. സിനിമ തിയറ്റർ, ജിം, സ്വിമ്മിങ് പൂൾ തുറക്കില്ല. ബിരുദ, ബിരുദാനന്തരതലത്തിലുള്ള ഫൈനൽ ഇയർ ക്ലാസുകളും പത്ത്, പന്ത്രണ്ട് ഒഴികെയുള്ള എല്ലാ ക്ലാസും ഓൺലൈനായിമാത്രം.
ബി വിഭാഗം
(ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ)
പൊതുപരിപാടികൾ അനുവദിക്കില്ല. ആരാധനകൾ ഓൺലൈനായി മാത്രം. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 പേർ.
എ വിഭാഗം
(മലപ്പുറം, കോഴിക്കോട്)
സാമൂഹ്യ, സാംസ്കാരിക, മത, സാമുദായിക, രാഷ്ട്രീയ, പൊതുപരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 50 പേർക്ക് പങ്കെടുക്കാം.
ലക്ഷണമുണ്ടെങ്കിൽ പരിശോധന
ആശുപത്രി ചികിത്സയ്ക്ക് മുമ്പ് രോഗലക്ഷണം ഉണ്ടെങ്കിൽമാത്രം കോവിഡ് പരിശോധന നടത്തിയാൽ മതിയെന്ന ആരോഗ്യ വിദഗ്ധസമിതി അഭിപ്രായം അവലോകനയോഗം അംഗീകരിച്ചു. കോവിഡ് ബാധിതരുടെ എണ്ണം കൂടുമ്പോൾ ആനുപാതികമായി ആശുപത്രികളിലും തിരക്ക് വർധിക്കുമെന്നതിനാൽ മുൻകരുതൽ എടുക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.
ഡയാലിസിസിന് പ്രത്യേക സൗകര്യം
ഡയാലിസിസ് സൗകര്യമുള്ള സ്വകാര്യ ആശുപത്രികളിൽ കോവിഡ് ബാധിതർക്ക് പ്രത്യേക സംവിധാനമൊരുക്കും.
കരുതൽ വാസകേന്ദ്രം
കരുതൽവാസ കേന്ദ്രങ്ങൾ ആരംഭിക്കാൻ നടപടി സ്വീകരിക്കണം. പ്രാദേശികമായ ഇടപെടൽ വളരെ പ്രധാനമാണ്. കോവിഡ് ജാഗ്രതാസമിതികൾ ശക്തിപ്പെടുത്തണം.
സെക്രട്ടറിയറ്റിൽ കോവിഡ് വാർ റൂം
സെക്രട്ടറിയറ്റിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കോവിഡ് വാർ റൂം പുനരാരംഭിച്ചു. കോവിഡ് ബെഡ്, ഐസിയു ബെഡ്, വെന്റിലേറ്റർ ഉൾപ്പെടെയുള്ളവയും ഇതിലൂടെ അവലോകനം ചെയ്യും.