ന്യൂഡൽഹി
റെയിൽവേ നിയമന പരീക്ഷകളിലെ പരിഷ്കാരങ്ങൾ അശാസ്ത്രീയമെന്ന് ആരോപിച്ച് ഉദ്യോഗാർഥികൾ നടത്തുന്ന പ്രക്ഷോഭത്തിൽ ബിഹാറിലും ഉത്തർപ്രദേശിലും സംഘർഷം. ബിഹാറിലെ ഗയ ജങ്ഷനിൽ നിർത്തിയിട്ടിരുന്ന ഭാഭുവ–-പട്ന ഇന്റർസിറ്റി എക്സ്പ്രസിന്റെ നാല് ബോഗി പ്രക്ഷോഭകർ കത്തിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ട്രെയിൻ തടയാൻ ശ്രമിച്ചവർക്കുനേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി.
പ്രയാഗ്രാജിൽ ഉദ്യോഗാർഥികളെ ലോഡ്ജുകളിൽ കയറി മർദിച്ച സംഭവത്തിൽ ആറ് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. പൊലീസ് മർദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പൊലീസ് അതിക്രമം തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയാകുമെന്ന് കണ്ടാണ് ഉടൻ നടപടി എടുത്തത്. റെയിൽവേയിലെ നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറി(എൻടിപിസി) തസ്തികകളിലേക്ക് പ്രയാഗ്രാജ്, ഗൊരഖ്പുർ റിക്രൂട്ട്മെന്റ് ബോർഡുകൾ നടത്തിയ ഒന്നാംഘട്ട പരീക്ഷയുടെ ഫലം പുറത്തുവന്നിരുന്നു. 35,281 തസ്തികയിലേക്ക് 1.25 കോടി പേരാണ് അപേക്ഷിച്ചത്. പ്ലസ്ടു യോഗ്യതയുള്ള തസ്തികകളിൽ ഉയർന്ന യോഗ്യതയുള്ളവർക്ക് കൂടുതൽ അവസരം നൽകുന്ന വിധത്തിലാണ് രണ്ടാംഘട്ട പരീക്ഷയെന്ന് ആരോപിച്ചാണ് പ്രക്ഷോഭം.
പ്രശ്നപരിഹാരത്തിന് റെയിൽവേ മന്ത്രാലയം സമിതിയെ നിയോഗിച്ചു. അന്തിമതീരുമാനം വരുന്നതുവരെ പരീക്ഷകൾ നിർത്തിവയ്ക്കും. അതേസമയം, റിക്രൂട്ട്മെന്റിനായി റെയിൽവേ ഇറക്കിയ വിജ്ഞാപനം നിലനിൽക്കുമെന്ന് മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു.