ന്യൂഡൽഹി
റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശിപ്പിച്ച ഫ്ലോട്ടുകൾക്ക് നിലവാരമില്ലെന്ന് ആക്ഷേപം. സന്ന്യാസികളും ക്ഷേത്രങ്ങളും ഗോമാതാവും ഉൾപ്പെടെ മതചിഹ്നങ്ങളെ ആഘോഷിക്കുന്നതാണ് മിക്ക സംസ്ഥാനങ്ങളുടെയും ഫ്ലോട്ടുകൾ. സാംസ്കാരിക വൈവിധ്യവും സാമൂഹ്യപുരോഗതിയും അടയാളപ്പെടുത്തുന്നതാകണം ഫ്ലോട്ടുകൾ എന്നാണ് പൊതുകാഴ്ചപ്പാട്. ഉത്തർപ്രദേശിന്റെ ഫ്ലോട്ടിന്റെ പ്രധാനഭാഗം കാശി വിശ്വനാഥക്ഷേത്രവും ഗംഗാതീരവും. കർണാടകത്തിന്റെ ഫ്ലോട്ടിന്റെ വിഷയം കരകൗശല വൈവിധ്യമായിരുന്നെങ്കിലും അതിന്റെ ഒത്ത നടുവിൽ തന്നെ ബജ്രംഗ്ബലി (ഹനുമാൻ) സ്ഥാനം പിടിച്ചു. ഛത്തീസ്ഗഢിന്റെ ഫ്ലോട്ടാണ് ഏറെ വിമർശിക്കപ്പെട്ടത്. അടിമുടി നീലനിറം പൂശിയ പശുവായിരുന്നു ഫ്ലോട്ടിലെ മുഖ്യകഥാപാത്രം. ഗോധൻ ന്യായ് യോജനയുടെ പ്രചാരണമായിരുന്നു ലക്ഷ്യമത്രേ.
ദേശീയ വിദ്യാഭ്യാസനയത്തിന്റെ പ്രചാരണാർഥം തയ്യാറാക്കിയ ഫ്ലോട്ടിന്റെ മുൻഭാഗത്ത് കാഷായവസ്ത്രധാരിയായ സന്ന്യാസിയും ചുറ്റും നാലഞ്ച് യുവസന്ന്യാസിമാരുമാണുള്ളത്. വേദകാലത്തെ ഗുരു–- ശിഷ്യ പാരമ്പര്യമാണ് ആവിഷ്കരിച്ചത്. വിദ്യാഭ്യാസമേഖലയെ വേദകാലത്തേക്ക് കൊണ്ടുപോകാനാണ് മോദിസർക്കാരിന്റെ പരിശ്രമമെന്ന വിമർശം പരോക്ഷമായി സ്ഥിരീകരിക്കപ്പെട്ടെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പലരും ചൂണ്ടിക്കാട്ടി. ആയുഷ് മന്ത്രാലയത്തിന്റെ ഫ്ലോട്ടിൽ മരുന്നുകൾ തയ്യാറാക്കുന്ന യോഗിവര്യനാണ് മുഖ്യം. കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളുടെ ഫ്ലോട്ടുകൾക്ക് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചത് വിവാദമായിരുന്നു. ശ്രീനാരായണ ഗുരുവിനെ ഉൾപ്പെടുത്തി കേരളം സമർപ്പിച്ച നിശ്ചലദൃശ്യം അനാകർഷകമെന്ന് ആരോപിച്ചാണ് കേന്ദ്രം തള്ളിയത്.