ന്യൂഡൽഹി
മഹാമാരിയുടെ നിയന്ത്രണങ്ങൾക്കിടയിലും സൈനികകരുത്ത് പ്രകടമാക്കി രാജ്യം 73–-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധസ്മാരകത്തിൽ ആദരവ് അർപ്പിച്ചു. ദേശീയപതാക ഉയർത്തി. റിപ്പബ്ലിക് ദിന പരേഡില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സല്യൂട്ട് സ്വീകരിച്ചു. ജമ്മു കശ്മീർ പൊലീസിലെ എഎസ്ഐ ബാബുറാമിന് മരണാനന്തരബഹുമതിയായി രാഷ്ട്രപതി അശോകചക്ര സമര്‍പ്പിച്ചു. അതിവിശിഷ്ട സേവാമെഡൽ ജേതാവ് ലെഫ്. ജനറൽ വിജയ്കുമാർമിശ്ര പരേഡ് നയിച്ചു. കര, വ്യോമ, നാവിക സേനകൾ, വിവിധ അർധസൈനികവിഭാഗങ്ങൾ, എൻസിസി, എൻഎസ്എസ്, ഡൽഹി പൊലീസ് എന്നിവയുടെ 14 കണ്ടിൻജെന്റ് അണിനിരന്നു.
1950കളിലെ സൈനിക യൂണിഫോമും 303 റൈഫിളുമായാണ് രജപുത് റെജിമെന്റ് മാർച്ച് ചെയ്തത്. അസം റെജിമെന്റ് 1960കളിലെ യൂണിഫോമും ജമ്മു കശ്മീർ ലൈറ്റ് ഇൻഫന്ററി റെജിമെന്റ് 1970കളിലെ യൂണിഫോമുമാണ് ധരിച്ചത്. സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷിക ആഘോഷത്തിന്റെ പ്രതീകമായി 75 വിമാനവും ഹെലികോപ്റ്ററുകളും പങ്കെടുത്ത ഫ്ലൈപാസ്റ്റ് പുതിയ ചരിത്രമായി. റഫാൽ വിമാനത്തിന്റെ ആദ്യ വനിതാ പൈലറ്റ് ശിവാങ്കിസിങ് വ്യോമസേനയുടെ നിശ്ചലദൃശ്യത്തിൽ പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങളും 480 നർത്തകരുടെ പ്രകടനങ്ങളും ബാൻഡ്മേളങ്ങളും പരേഡിൽ അണിനിരന്നു.