ന്യൂഡൽഹി
മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് ജമ്മു കശ്മീരിൽ പുതിയ പാർടി രൂപീകരിക്കാനൊരുങ്ങുന്നു. ഗുലാം നബിയുടെ ഒട്ടേറെ അനുയായികൾ കോൺഗ്രസിൽനിന്നു രാജിവച്ചിട്ടുണ്ട്. ഇവരുമായി ചർച്ചകൾ നടത്തിവരികയാണ് അദ്ദേഹം. ജമ്മു കശ്മീർ തെരഞ്ഞെടുപ്പിനുമുമ്പ് പാർടി രൂപീകരണം പൂർത്തിയാകും. ബിജെപിയുമായി തെരഞ്ഞെടുപ്പിനുശേഷം സഖ്യമാകാമെന്ന നിലയിലാണ് ഗുലാം നബിയും കൂട്ടരും. ഗുലാം നബിക്ക് ഇത്തവണ പത്മഭൂഷൺ പുരസ്കാരം നൽകിയത് ഈ സാഹചര്യത്തിൽ ശ്രദ്ധേയമാണ്. പുരസ്കാരം സ്വീകരിക്കാനുള്ള ഗുലാം നബിയുടെ തീരുമാനം കോൺഗ്രസിൽ ഭിന്നത സൃഷ്ടിച്ചിട്ടുണ്ട്. ഹൈക്കമാൻഡിനെ വിമർശിച്ച് കത്തെഴുതിയ ജി 23 എന്നറിയപ്പെടുന്ന സംഘത്തിലെ പ്രധാനിയാണ് ഗുലാം നബി.
പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന അമരീന്ദർ സിങ് കോൺഗ്രസ് വിട്ടുപോയി രൂപീകരിച്ച പഞ്ചാബ് ലോക് കോൺഗ്രസ് ബിജെപിയുമായി സഖ്യത്തിലാണ്. ജമ്മു -കശ്മീരിൽ കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന ഗുലാം നബിയും ഇതേ പാതയിലാണ്.