മസ്കറ്റ്> ഒമാനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കി. വെള്ളിയാഴ്ച നമസ്കാരം (ജുമഅ) നിര്‍ത്തിവെച്ചു. പള്ളികളില്‍ അഞ്ച് നേരത്തെ നമസ്കാരം തുടരാം. മസ്ജിദുകളില്‍ ശേഷിയുടെ അമ്പത് ശതമാനം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് മുന്‍കരുതല്‍ പാലിക്കണം.
ഞായറാഴ്ച മുതല്‍ രണ്ടാഴ്ചക്കാലത്തേക്കാണ് പുതിയ നിയന്ത്രണങ്ങള്‍. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സമ്മേളനങ്ങളും പ്രദര്‍ശനങ്ങളുമടക്കം പൊതുസ്വഭാവമുള്ള എല്ലാപരിപാടികളും മാറ്റിവെക്കാന്‍ ഒമാന്‍ സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചു. പൊതുമേഖലസ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ജീവനക്കാരുടെ എണ്ണം, പകുതിയായി കുറക്കണം. സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം. റസ്റ്റോറണ്ട്, കഫെ, കടകള്‍, മറ്റു വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ പ്രവേശനം 50 ശതമാനം പേര്‍ക്ക് മാത്രമായി ചുരുക്കി. വാക്സിനേഷന്, ശാരീരിക അകലം, മാസ്ക് ധരിക്കല്‍ എന്നിവ ഉറപ്പുവരുത്തണം.
കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് കേസുകള്‍ ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 99 ശതമാനത്തിലും ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം പ്രിവന്‍ഷന്‍ ആന്‍ഡ് ഇന്ഫെക്ഷന് കണ്ട്രോള് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. അമല്‍ ബിന്ത് സെയ്ഫല്‍ മാനി വെളിപ്പെടുത്തി. അടുത്ത ദിവസങ്ങളിലും കേസ് കൂടും. ഒമാനില്‍ ഇതുവരെ 318,272 പേര്‍ക്ക് കോവിഡ് ബാധിച്ചു. ഇതില്‍ 4,125 പേര് മരിച്ചു. 3,03,644 പേര്‍ക്ക് രോഗം ഭേദമായി. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ബൂസ്റ്റര്‍ ഡോസ് കൊടുക്കാന്‍ ആരംഭിച്ചിട്ടുണ്ട്.