മനാമ> കോവിഡ് കേസുകള് കുതിച്ചുയരുന്നതിനിടെ സൗദിയില് അഞ്ചു മുതല് 11 വരെ പ്രായക്കാര്ക്ക് കോവിഡ് പ്രതിരോധ വാക്സിന് കുത്തിവെപ്പ് ആരംഭിച്ചു. ഒന്നാം ഡോസ് വാക്സിനേഷനായി തവല്ക്കാനാ ആപില് മുന്കൂട്ടി ബുക്ക് ചെയ്യണം.
അഞ്ചിനും 11നും ഇടയിലുള്ള കുട്ടികള്ക്ക് ഫൈസര് വാക്സിന് നല്കാന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി കഴിഞ്ഞ ഡിസംബറില് അനുമതി നല്കിയിരുന്നു. രോഗബാധയുള്ളകുട്ടികള്ക്ക് മുന്ഗണനാടിസ്ഥാനത്തില് വാക്സിനും നല്കി.
ബഹ്റൈനില് 12 നും 17നും ഇടയില് പ്രായമുള്ള കുട്ടികള്ക്ക് ബൂസ്റ്റര് ഡോസ് നല്കാന് തുടങ്ങി. രണ്ട് ഡോസ് സിനോഫാം വാക്സിന് സ്വീകരിച്ചവര്ക്ക് ബൂസ്റ്ററായി സിനോഫാമോ ഫൈസറോ എടുക്കാം. എന്നാല് രണ്ട് ഡോസും ഫൈസര് സ്വീകരിച്ചവര് ബൂസ്റ്റര് ഡോസ് ഫൈസര് തന്നെയായിരിക്കും. രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസം പൂര്ത്തിയായവര്ക്കാണ് ബൂസ്റ്റര് ഡോസ് നല്കുക.
ഫൈസറിന് പിന്നാലെ ആസ്ട്ര സെനക്ക വാക്സിനും ബൂസ്റ്റര് ഡോസായി ഉപയോഗിക്കാന് ഒമാന് അനുമതി നല്കി. ആസ്ട്രസെനെക്ക വാക്സിന് രണ്ട് ഡോസുകള് സ്വീകരിച്ചവര്ക്കാണ് ബൂസ്റ്റര് ഡോസായി ആസ്ട്ര സെനക്ക് നല്കുക. വര്ധിച്ച കൊറോണ വൈറസ് കേസുകളുടെ പശ്ചാത്തലത്തില് 18 വയസ്സിന് മുകളിലുള്ളവര് ബൂസ്റ്റര് ഡോസ് എടുക്കണമെന്ന് അധികൃതര് അഭ്യര്ത്ഥിച്ചു.
ഖത്തറില് കോവിഡ് മൂന്നാം തരംഗം സ്ത്രീകളെയും കുട്ടികളെയും കൂടുതല് ബാധിച്ചതായി അധികൃതര് വെളിപ്പെടുത്തി. ഇതേതുടര്ന്ന് സ്ത്രീകള്ക്കായി ക്യൂബന് ആശുപത്രിയിലും കുട്ടികള്ക്കായി ദോഹ വക്ര ആശുപത്രിയിലും കൂടുതല് സൗകര്യങ്ങള് ഒരുക്കിയിരിക്കയാണ്. എല്ലാ ഗള്ഫ് രാജ്യങ്ങളിലും കോവിഡ് കേസുകള് ഗണ്യമായി വര്ധിച്ചിട്ടുണ്ട്.