കൊടുമൺ: അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പ് സംഘർഷത്തേതുടർന്ന് എ.ഐ.വൈ.എഫ്. നേതാവിന്റെ വീടിന് നേരെ ആക്രമണം. എ.ഐ.വൈ.എഫ്. കൊടുമൺ മേഖലാ സെക്രട്ടറി ജിതിൻ മോഹന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന്റെ ജനൽച്ചില്ലുകൾ അടിച്ചുതകർത്തു. അക്രമണത്തിന് പിന്നിൽ ഡിവൈഎഫ്ഐയാണെന്ന് എ.ഐ.വൈ.എഫ്. ആരോപിച്ചു.
ഇന്നലെ, അങ്ങാടിക്കൽ 1127-ാം നമ്പർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. സി.പി.എം.പാനലിനെതിരേ സി.പി.ഐ.സഹകരണ സംരക്ഷണ മുന്നണി എന്ന പേരിൽ മത്സരരംഗത്ത് വന്നതാണ് കാരണം. സംഘർഷത്തിൽ മൂന്നുപോലീസ് ഉദ്യോഗസ്ഥർക്കും മൂന്നു സി.പി.എം. പ്രവർത്തകർക്കും മൂന്ന് സി.പി.ഐ. പ്രവർത്തകർക്കും പരിക്കേറ്റിരുന്നു.
അങ്ങാടിക്കൽ പ്രദേശത്ത് ഒരുമാസം മുമ്പ് സി.പി.എമ്മിൽനിന്ന് ഒരുകൂട്ടം ആളുകൾ രാജിവെച്ച് സി.പി.ഐ.യിൽ ചേർന്നിരുന്നു. ഇതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് കരുതുന്നു. വർഷങ്ങളായി സി.പി.എം. ഒറ്റയ്ക്കാണ് അങ്ങാടിക്കൽ സർവീസ് ബാങ്കിൽ ഭരണം നടത്തിയിരുന്നത്. ഇപ്രാവശ്യം സി.പി.ഐ.സീറ്റുകൾ ആവശ്യപ്പെടുകയും സി.പി.എം.നിഷേധിക്കുകയും ചെയ്തു. തുടർന്ന് നാല് ജനറൽ സീറ്റുകളിലേക്കും ഒരു സംവരണ സീറ്റിലേക്കും സി.പി.ഐ. സ്ഥാനാർഥികളെ മത്സരിപ്പിക്കുകയായിരുന്നു.
ഇന്നലെ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവരിൽ പ്രധാനപ്പെട്ടയാളായിരുന്നു ജിതിൻ മോഹൻ. അദ്ദേഹത്തിന്റെ ഐക്കാടുള്ള വീടിന് നേരെ ഇന്നലെ രാത്രി 11.30 ഓടെയാണ് ആക്രമണമുണ്ടായത്. ഇന്നലത്തെ സംഘർഷത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു സംഭവം നടക്കുമ്പോൾ ജിതിൻ മോഹൻ. അദ്ദേഹത്തിന്റെ അച്ഛൻ, ഭാര്യ, രണ്ട് കുട്ടികൾ, മുത്തശ്ശി എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്.
അങ്ങാടിക്കൽ തെക്ക് എസ്.എൻ.ഡി.പി. ഹയർ സെക്കൻഡറി സ്കൂളിലാണ് ഞായറാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. രാവിലെമുതൽ സംഘർഷസാധ്യത നിലനിന്നിരുന്നു. വൻ പോലീസ് സന്നാഹം ഇവിടെയുണ്ടായിരുന്നു. കൊടുമൺ, അടൂർ, ഏനാത്ത് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം അടൂർ വടക്കടത്തുകാവ് കെ.എ.പി. മൂന്നാം ബറ്റാലിയനിലെ പോലീസ് സംഘവും ക്യാമ്പ് ചെയ്തിരുന്നു.
കള്ളവോട്ട് നടന്നെന്ന് ആരോപിച്ച്രാവിലെ 11-ന് ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷം ഉടലെടുത്തുവെങ്കിലും പോലീസ് ഇടപെട്ട് ശാന്തമാക്കി. വൈകീട്ട് മൂന്നരയോടെ സംഘർഷം മൂർച്ഛിച്ചു. തിരഞ്ഞെടുപ്പ് നടന്ന സ്കൂളിന്റെ മുൻവശത്ത് നിന്നിരുന്ന പ്രവർത്തകരുടെ ഇടയിലേക്ക് കല്ലുകളും സോഡാ കുപ്പികളും ആരോ വലിച്ചെറിഞ്ഞതിനെ തുടർന്നാണ് രംഗം വഷളായത്. ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടലും നടന്നിരുന്നു.
Content Highlights:Attack on AIYF leaders house in Kodumon, Pathanamthitta