ന്യൂഡൽഹി
കേന്ദ്രസർക്കാർ കർഷകർക്ക് നൽകിയ വാക്ക് പാലിക്കാത്തതിൽ പ്രതിഷേധിച്ച് 31ന് വഞ്ചനാദിനം ആചരിക്കാൻ സംയുക്ത കിസാൻ മോർച്ച(എസ്കെഎം) ആഹ്വാനം.
ജില്ലാ–-ബ്ലോക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തും. ട്രേഡ് യൂണിയനുകൾ ഫെബ്രുവരി 23, 24 തീയതികളിൽ ആഹ്വാനംചെയ്ത രാജ്യവ്യാപക പണിമുടക്കിനെ പിന്തുണയ്ക്കും. ഡിസംബർ ഒമ്പതിന് കേന്ദ്രം നൽകിയ കത്തിലെ ഉറപ്പുകൾ നടപ്പാക്കാത്തതിൽ സിൻഘുവിൽ ചേർന്ന യോഗം നിരാശയും രോഷവും പ്രകടിപ്പിച്ചു. ഈ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഡൽഹി അതിർത്തിയിലെ പ്രക്ഷോഭം പിൻവലിച്ചത്.
പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാൻ കേന്ദ്രസർക്കാരോ മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് സർക്കാരുകളോ തയ്യാറായിട്ടില്ല.
പ്രക്ഷോഭത്തിൽ രക്തസാക്ഷികളായവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും ഉത്തർപ്രദേശ് സർക്കാർ നടപടിയെടുത്തിട്ടില്ല. ഹരിയാന സർക്കാരും വിഷയത്തിൽ പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല.
മിനിമം താങ്ങുവില(എംഎസ്പി) വിഷയത്തിൽ കമ്മിറ്റി രൂപീകരിക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചെങ്കിലും കമ്മിറ്റിയുടെ സ്വഭാവം, ഇതിന്റെ പരിധിയിൽ വരുന്ന കാര്യങ്ങൾ എന്നിവയിൽ വിവരമൊന്നും നൽകിയിട്ടില്ലെന്നും കിസാൻ മോർച്ച പ്രസ്താവനയിൽ പറഞ്ഞു.