കോളിവിൽ
അമേരിക്കയിലെ ടെക്സസിൽ ജൂതപ്പള്ളിയിൽ അതിക്രമിച്ചു കയറിയയാൾ ബന്ദികളാക്കിയ നാലുപേരെ 10 മണിക്കൂറിന് ശേഷം മോചിപ്പിച്ചതായി പൊലീസ്. ശനിയാഴ്ച രാത്രിയാണ് ഇവരെ മോചിപ്പിച്ചത്. നാലു പേരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. അക്രമിയെ വധിച്ചതായാണ് സൂചന.
നാലുപേരിൽ ഒരാളെ ആദ്യം വിട്ടയച്ചു. ബാക്കി മൂന്ന് പേരെയാണ് സുരക്ഷാസേന മോചിപ്പിച്ചത്. സംഭവം ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) പ്രത്യേക സംഘം അന്വേഷിക്കും. അമേരിക്കയിൽ ജയിലിൽ കഴിയുന്ന അൽ ഖായ്ദയുമായി ബന്ധമുള്ള പാകിസ്ഥാനി ശാസ്ത്രജ്ഞ ആഫിയ സിദ്ദിഖിയെ വിട്ടയക്കണമെന്നായിരുന്നു അക്രമിയുടെ ആവശ്യം. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്ന് എഫ്ബിഐ വക്താവ് ഡിസാർനോ പറഞ്ഞു. ഇയാളെ വധിച്ചത് എങ്ങനെയെന്നും പുറത്തുവിട്ടിട്ടില്ല. അഫ്ഗാനിസ്ഥാനിൽ യുഎസ് സൈനികനെ കൊല്ലാൻ ശ്രമിച്ചെന്ന കേസിലാണ് ആഫിയ ശിക്ഷ അനുഭവിക്കുന്നത്.