ന്യൂഡൽഹി
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ നിലപാട് തുറന്നുകാട്ടി പോരാടുമെന്ന സംയുക്ത കിസാൻ മോർച്ച (എസ്കെഎം) പ്രഖ്യാപനം ബിജെപിക്ക് തിരിച്ചടിയാകും. ‘മിഷൻ ഉത്തർപ്രദേശ് ’, ‘മിഷൻ ഉത്തരാഖണ്ഡ് ’ എന്നിവ മുന്നോട്ടുകൊണ്ടുപോകുമെന്ന് (എസ്കെഎം) വ്യക്തമാക്കി. കേന്ദ്രആഭ്യന്തര സഹമന്ത്രിസ്ഥാനത്തുനിന്ന് അജയ് മിശ്രയെ പുറത്താക്കിയില്ലെങ്കിൽ ലഖിംപുർ ഖേരിയിൽ സ്ഥിരം സമരകേന്ദ്രം തുറക്കും.
കൂട്ടക്കൊലയിൽ ഗൂഢാലോചനയുണ്ടെന്ന് പ്രത്യേക അന്വേഷകസംഘത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടും അജയ് മിശ്ര മന്ത്രിയായി തുടരുന്നത് കർഷകരുടെ മുറിവിൽ ഉപ്പ് തേയ്ക്കുന്നതിനു തുല്യമാണ്. ഈ സംഭവത്തിൽ കർഷകർക്കെതിരെ കേസെടുക്കാനും അറസ്റ്റുചെയ്യാനും യുപി പൊലീസ് അമിതതാൽപ്പര്യം കാണിക്കുന്നു. കേന്ദ്രം വാക്കുപാലിക്കാത്തതിനെതിരെ 31ന് വഞ്ചനാദിനം ആചരിക്കും. ബിജെപി സർക്കാരുകളുടെ ജനദ്രോഹനയങ്ങൾ സമരങ്ങളിലൂടെ ജനമധ്യത്തിൽ വിചാരണ ചെയ്യുമെന്നും എസ്കെഎം അറിയിച്ചു. രാഷ്ട്രീയേതര വേദിയിൽനിന്ന് ബിജെപിയെ നേരിടാനാണ് തീരുമാനം. എസ്കെഎം വേദിയോ കൊടിയോ ഉപയോഗിക്കാൻ ആരെയും അനുവദിക്കില്ല. ഘടകസംഘടനകളിലെ അംഗങ്ങൾ സ്ഥാനാർഥികളായാലും ഇതു ബാധകമാണ്. തെരഞ്ഞെടുപ്പിൽ പങ്കാളികളാകുന്ന സംഘടനകളെ ഏപ്രിൽവരെ എസ്കെഎമ്മിന്റെ ഭാഗമായി പരിഗണിക്കില്ലെന്നും നേതൃത്വം വ്യക്തമാക്കി.