കൊച്ചി> പൊതുമേഖലാ ലൈഫ് ഇന്ഷുറന്സ് സ്ഥാപനമായ (ലൈഫ് ഇന്ഷുറന്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എല്ഐസി)യെ സ്വകാര്യ വത്ക്കരിക്കുന്നതിനായി ഓഹരികള് വിറ്റഴിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുകയാണ് കേന്ദ്ര സര്ക്കാര്. നടപ്പ് സാമ്പത്തിക വര്ഷം തന്നെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) നടക്കുമെന്ന് സര്ക്കാര് ആവര്ത്തിക്കുന്നുണ്ട്. ജനുവരി അവസാനത്തോടെ പ്രാഥമിക ഓഹരിക വില്പനയ്ക്കുള്ള രേഖകള് സെക്യൂരിറ്റീസ് ആന്ഡ് എക്സ്ചേഞ്ച് ബോര്ഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി) സമര്പ്പിക്കപ്പെടുമെന്നാണ് സൂചന.
നിലവില് 100 ശതമാനം സര്ക്കാര് ഉടമസ്ഥതയിലുള്ള എല്ഐസിയാണ് രാജ്യത്തെ ഇന്ഷുറന്സ് വിപണിയുടെ 70 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്നത്. 38 ലക്ഷം കോടി രൂപയിലധികമാണ് എല്ഐസിയുടെ ആസ്തി. എല്ഐസിയുടെ അഞ്ച് ശതമാനം മുതല് പത്ത് ശതമാനം വരെ ഓഹരികള് സര്ക്കാര് വില്പനയ്ക്ക് വെയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല് എത്ര ഓഹരികള് വില്ക്കും, എത്ര രൂപയാണ് സമാഹരിക്കാന് ലക്ഷ്യമിടുന്നത് തുടങ്ങിയ കാര്യങ്ങളുടെ വ്യക്തമായ വിവരങ്ങള് പുറത്ത് വിട്ടിട്ടില്ല. ഇത് കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി (സിസിഇഎ) തീരുമാനിക്കുമെന്നാണ് ധനമന്ത്രി പറഞ്ഞത്. സെബിയ്ക്ക് രേഖകള് സമര്പ്പിക്കപ്പെടുന്നതോടെ ചിത്രം വ്യക്തമാകും.
എല്ഐസിയുടെ മൊത്തം മൂല്യം കണക്കാക്കുന്നതിന് വാഷിങ്ടണ് ആസ്ഥാനമായ മില്ലിമാന് അഡൈ്വസേഴ്സ് എന്ന സ്ഥാപനത്തെ സര്ക്കാര് ചുമതലപ്പെടുത്തിയിരുന്നു. ഓഹരി വില്പ്പന എളുപ്പമാക്കുന്നതിന് എല്ഐസിയെ കമ്പനിയാക്കാനും ചെയര്മാന് തസ്തിക ഇല്ലാതാക്കി പകരം സിഇഒ തസ്തിക കൊണ്ടുവരാനും തീരുമാനിച്ചു.
പ്രതിഷേധം തണുപ്പിക്കാന് ഓഹരി വാഗ്ദാനം
ഓഹരി വില്പനയ്ക്ക് എതിരെയുള്ള പ്രതിഷേധങ്ങള്ക്ക് തടയിടുന്നതിനായി ജീവനക്കാര്ക്കും പോളിസി ഉടമകള്ക്കും ഓഹരി നല്കുമെന്ന സൂചനയോടെ അതിനായി തയ്യാറായിരിക്കാന് ആവശ്യപ്പെടുകയാണിപ്പോള് എല്ഐസി. പ്രാഥമിക ഓഹരി വില്പ്പനയില് പോളിസി ഉടമകള്ക്ക് ഓഹരി സംവരണം ചെയ്തേക്കാമെന്നും ഇത് വാങ്ങി നേട്ടമുണ്ടാക്കാമെന്നും വിവിധ മാധ്യമങ്ങളില് എല്ഐസിയുടെ പരസ്യം വന്നുകൊണ്ടിരിക്കുന്നു. ഇതിന് പോളിസി ഉടമകള് പാന് നമ്പര് അടക്കമുള്ള വ്യക്തിപരമായ വിവരങ്ങള് എല്ഐസിക്ക് നല്കണമെന്നും ഓഹരിവിപണിയിലെ ഇടപാടുകള്ക്കായി ഡീമാറ്റ് അക്കൗണ്ട് തുടങ്ങണമെന്നും പരസ്യത്തില് പറയുന്നു.
മൂന്നു മാസംമുമ്പ് എല്ഐസി ജീവനക്കാര്ക്കിടയിലും ഇങ്ങനെയൊരു പ്രചാരണം നടത്തിയിരുന്നു. ജീവനക്കാര് ഓഹരി ഇടപാടിനുള്ള ഡീമാറ്റ് അക്കൗണ്ട് തുടങ്ങുന്നത് നല്ലതാണെന്നും താല്പ്പര്യമുള്ളവര്ക്ക് ഐല്ഐസിയുടെ നിയന്ത്രണത്തിലുള്ള ഐഡിബിഐ ബാങ്കിനെ സമീപിക്കാമെന്നും സര്ക്കുലര് ഇറക്കുകയാണ് ചെയ്തത്. എല്ഐസി ഓഹരി വില്ക്കുമ്പോള് ജീവനക്കാര്ക്കും ഓഹരി വിഹിതം കിട്ടുമെന്ന സൂചനയായിരുന്നു അറിയിപ്പിലെന്ന് ജീവനക്കാര് പറയുന്നു.