സാംസങിന്റെ എക്സിനോസ് 2200 (Exynos 2200) പ്രൊസസർ ചിപ്പ് പുറത്തിറക്കുന്നത് കമ്പനി വൈകിപ്പിച്ചു. അടുത്തമാസം പുറത്തിറക്കാൻ പോവുന്ന ഗാലക്സി എസ്22 നൊപ്പമായിരിക്കും എക്സിനോസ് 2200 പുറത്തിറക്കുക.
പുതിയ സാംസങ് സ്മാർട്ഫോൺ പുറത്തിറക്കുന്ന സമയത്ത് തന്നെ പുതിയ ആപ്ലിക്കേഷൻ പ്രൊസസർ അവതരിപ്പിക്കാനാണ് തങ്ങൾ ആലോചിക്കുന്നത് എന്ന് സാംസങ് ഇലക്ട്രോണിക്സിലെ ഒരു ഉദ്യോഗസ്ഥൻ ബിസിനസ് കൊറിയയോട് പറഞ്ഞു.
പ്രൊസസറിന്റെ നിർമാണത്തിലോ പ്രവർത്തനത്തിലോ യാതൊരു പ്രശ്നങ്ങളുമില്ലെന്നും അദ്ദേഹം പറഞ്ഞു.
സാംസങ് എക്സിനോസ് 2200 ഈ ആഴ്ച പുറത്തിറക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.
ഗാലക്സി എസ്22, ഗാലക്സി എസ്22 അൾട്ര ഫോണുകളിലായിരിക്കും പുതിയ പ്രൊസസർ ചിപ്പ് എത്തുക.
സ്നാപ്ട്രാഗൺ 8 ജെൻ 1 പ്രൊസസറിന് സമാനമായ നിർമിതിയായിരിക്കും എക്സിനോസ് 2200 ലെന്നാണ് കരുതുന്നത്. എങ്കിലും സ്നാപ്ട്രാഗൺ 8 ജെൻ 1 ചിപ്പ്സെറ്റിന്റെ അത്രയും പ്രവർത്തന മികവ് ഇതിൽ ഉണ്ടാവണമെന്നില്ല.
എക്സിനോസ് 2100 യെ അപേക്ഷിച്ച് അഞ്ച് ശതമാനം അധിക സിപിയു പെർഫോമൻസും 17 ശതമാനം അധിക ഗ്രാഫിക്സ് മികവും പുതിയ എക്സിനോസ് 2200 ൽ ഉണ്ടായേക്കും.
Content Highlights: samsung exynos 2200 chipset will launch with galaxy s22 series