മനാമ> കുവൈത്തിലെ സ്കൂളുകളില് വിദ്യാര്ഥികള് ഉള്പ്പെടെ 1500 പേര്ക്ക് കോവിഡ് രോഗബാധ. വിദ്യാര്ഥികള്, അധ്യാപകര്, വിദ്യാഭ്യാസ ജീവനക്കാര് എന്നിവര്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൊറോണ വൈറസ് ബാധിച്ച വിദ്യാര്ത്ഥികളുടെയും അധ്യാപകരുടെയും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരുടെയും എണ്ണം കാണിക്കുന്ന സ്ഥിതിവിവരക്കണക്കുകള് സമര്പ്പിക്കാന് പൊതുവിദ്യാഭ്യാസ വിഭാഗം വിദ്യാഭ്യാസ ജില്ലകള്ക്ക് നിര്ദ്ദേശം നല്കിയിരുന്നു. ഇതോട ഒരാഴ്ചക്കിടെ 1500 പേര്ക്ക് സ്കൂളുകളില് കോവിഡ് പിടിപ്പെട്ടതായി അല് അന്ബ് പത്രം റിപ്പോര്ട്ട് ചെയ്തതു.
അതേസമയം കഴിഞ്ഞ ഏതാനും ആഴ്ചകളായി, കുവൈത്തില് പ്രതിദിന കോവിഡ് കേസുകള് ഗണ്യമായി വര്ധിച്ചിട്ടുണ്ട്. ഇതോടെ മുന്കരുതല് നടപടികള് വീണ്ടും കര്ശനമാക്കി. രോഗവ്യാപനം രൂക്ഷമായതും ഒമിക്രോൺ രോഗബാധ ഉയർത്തുന്ന ആശങ്കകളും കാരണം ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയവും നീതിന്യായ മന്ത്രാലയവും പള്ളികളില് വീണ്ടും നിയന്ത്രണങ്ങള് ഏര്പ്പെടുത്തി. കുവൈറ്റില് ഞായറാഴ്ച 2,999 കോവിഡ് കേസുകള് രജിസ്റ്റര് ചെയ്തു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 433,919 ആയി. ഇതുവരെ 2,471 പേര് മരിച്ചു.