കോഴിക്കോട്: സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മുന്നിൽ അലൻ താഹ വിഷയവും യു.എ.പി.എയും ഉയർത്തി സമ്മേളന പ്രതിനിധികൾ. യു.എ.പി.എ ചുമത്താനുള്ള കുറ്റം അലനും താഹയും ചെയ്തിട്ടുണ്ടോയെന്നും യുഎപിഎ കേരളത്തിൽ ഇങ്ങനെ നടപ്പാക്കേണ്ടതുണ്ടോയെന്നും സമ്മേളന പ്രതിനിധികൾ ചോദിച്ചു.
യുഎപിഎ വിഷയത്തിൽ ദേശീയ തലത്തിലെ നിലപാട് എന്തുകൊണ്ട് കോഴിക്കോട് ഉണ്ടായില്ല എന്നതാണ് പ്രധാനമായും ഉയർന്ന് വന്നത്. ദേശീയ തലത്തിൽ യുഎപിഎക്കെതിരേഎതിർ നിലപാടാണ് സി.പി.എം സ്വീകരിച്ച് വരുന്നത്. പക്ഷെ അത് കോഴിക്കോട് ഉണ്ടായില്ലെന്നും പ്രതിനിധികൾ പറഞ്ഞു. മുഖ്യമന്ത്രി സമ്മേളനത്തിനെത്തുമ്പോൾ വിഷയം അദ്ദേഹത്തിന്റെ മുന്നിലെത്തുമോയെന്ന ആശങ്ക നേതാക്കൾക്കുമുണ്ടായിരുന്നുവെങ്കിലും അത് അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു.
പാർട്ടിയുടെ രണ്ട് സജീവ പ്രവർത്തകർക്കെതിരേതന്നെ യുഎപിഎ കേസ് ഉണ്ടായതാണ് വലിയ ചർച്ചയാവാൻ കാരണമായത്. അലനേയും താഹയേയും അറസ്റ്റ് ചെയ്ത സമയത്ത് തന്നെ വേണ്ടത്ര തെളിവോടെയല്ല കേസ് ചുമത്തിയതെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. പക്ഷെ അറസ്റ്റ് നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു. പിന്നീട് കൃത്യമായ തെളിവില്ല എന്ന കാരണം പറഞ്ഞ് കോടതി അവർക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. ഈ സംഭവം ഉയർത്തിക്കാട്ടി പോലീസിൽ നിന്ന് നീതി ലഭിക്കുന്നില്ലെന്ന കാര്യവും പ്രവർത്തകർ ഉയർത്തിക്കാട്ടി.
ന്യായമായ കാര്യങ്ങൾക്ക് പോലും പോലീസിൽ നിന്ന് നീതി ലഭിക്കുന്നില്ല. ഉദ്യോഗസ്ഥർ മോശമായി പെരുമാറുന്നുവെന്നും പ്രവർത്തകർ ചൂണ്ടിക്കാട്ടി. അലനും താഹയും ഉൾക്കൊള്ളുന്ന കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ ഇപ്പോഴും വിഷയം പ്രവർത്തകരിൽ വലിയ ചർച്ചാ വിഷയമാണ്. അതുകൊണ്ട് തന്നെയാണ് സമ്മേളനത്തിൽ ഇത് ഉയർന്ന് വന്നതും.
Content Highlights : Alan-Thaha UAPA issue raised in CPM Kozhikode District Conference