ന്യൂഡൽഹി
ഡല്‍ഹിയില്‍ അടച്ചിടൽ പ്രഖ്യാപിക്കില്ലെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു. കേസുകൾ വർധിക്കുന്നത് ആശങ്കാജനകമാണ്. പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.കോവിഡ് വീണ്ടും രൂക്ഷമായതോടെ 20 ശതമാനം വിമാന സർവീസ് റദ്ദാക്കുമെന്ന് ഇൻഡിഗോ അറിയിച്ചു. വിവരം 72 മണിക്കൂർമുമ്പ് യാത്രക്കാരെ അറിയിക്കും. അടുത്ത വിമാനത്തിൽ യാത്രാസൗകര്യം ഒരുക്കും. ജനുവരി 31വരെ ബുക്കുചെയ്ത ടിക്കറ്റുകൾ അധിക ഫീസില്ലാതെ മാർച്ച് 31ന് അകമുള്ള ദിവസങ്ങളിലേക്ക് മാറ്റിയെടുക്കാമെന്ന് ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു.
ബിജെപി എംപി വരുൺ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ച് സംസ്ഥാനത്തെ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ സ്ഥാനാർഥികൾക്കും പാർടി പ്രവർത്തകർക്കും മുൻകരുതൽ ഡോസ് നൽകാൻ തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിക്കണമെന്ന് വരുൺ ഗാന്ധി ട്വീറ്റ് ചെയ്തു.ഹിമാചൽ പ്രദേശിൽ ജനുവരി 10 മുതൽ 24 വരെ എല്ലാ ഒത്തുചേരലുകളും നിരോധിച്ചു. സർക്കാർ ഓഫീസുകളുടെ പ്രവർത്തനം ആഴ്ചയിൽ അഞ്ച് ദിവസമാക്കി. ഓഫീസുകൾ 50 ശതമാനം ഹാജരോടെ പ്രവർത്തിക്കും.
ഉത്തർപ്രദേശിൽ ഒറ്റ ദിവസത്തിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ 13 ഇരട്ടി വർധന. ഞായറാഴ്ച 7,695 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തൊട്ടുമുൻദിവസം പുതിയ കേസുകളുടെ എണ്ണം 552 ആയിരുന്നു.