ടൈറ്റൻ ഐപ്ലസ് സ്മാർട് ഗ്ലാസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഓപ്പൺ ഇയർ സ്പീക്കറുകൾ, ടച്ച് കൺട്രോൾ, ഫിറ്റ്നസ് ട്രാക്കിങ് സംവിധാനങ്ങൾ എന്നിവയാണ് ഐ പ്ലസ് സ്മാർട് ഗ്ലാസിന്റെ മുഖ്യ സവിശേഷതകൾ. ഐഫോണുമായും ആൻഡ്രോയിഡ് ഫോണുകളുമായും ഇത് ബന്ധിപ്പിച്ച് പ്രവർത്തിപ്പിക്കാനാവും.
ഇൻബിൽറ്റ് ട്രാക്കറും ഐപി64 ഡസ്റ്റ് വാട്ടർ റസിസ്റ്റൻസിയുമുണ്ട്. ഒറ്റ ചാർജിൽ 8 മണിക്കൂർ നേരം ചാർജ് ലഭിക്കും. ക്വാൽകോമിന്റെ ഒരു പ്രൊസസറിലാണ് ഇതിന്റെ പ്രവർത്തനം. പ്രൊസസർ ഏതാണെന്ന് വ്യക്തമല്ല.
ജനുവരി അഞ്ചിന് അവതരിപ്പിക്കപ്പെട്ട ടൈറ്റൻ ഐ എക്സ് സ്മാർട് ഗ്ലാസിന് 9999 രൂപയാണ് വില. ഫ്രെയിമിന് മാത്രമാണ് ഈ വില. പ്രിസ്ക്രിപ്ഷൻ ഗ്ലാസുകൾക്ക് 11,198 രൂപ വില വരും. ജനുവരി 10 മുതൽ സ്മാർഡ് ഗ്ലാസുകളുടെ വിതരണം ആരംഭിക്കും. കറുപ്പ് നിറത്തിലുള്ള ഫ്രെയിം ആണ് ഇതിന്. ടൈറ്റൻ ഐപ്ലസ് റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഇത് വാങ്ങാം.
ബ്ലൂടൂത്ത് വേർഷൻ 5 ഉപയോഗിച്ചാണ് ഈ സ്മാർട്ഗ്ലാസ് ആൻഡ്രോയിഡ്, ഐഓഎസ് ഫോണുകളുമായി ബന്ധിപ്പിക്കുന്നത്. രണ്ട് ഓഎസിലും പ്രത്യേകം ആപ്ലിക്കേഷനും ഇതിനുണ്ട്. ട്രൂ വയർലെസ് സ്റ്റീരിയോ സംവിധാനത്തോടു കൂടിയുള്ള ഓപ്പൺ ഇയർ സ്പീക്കർ ആണിതിന്.
കണ്ണടയുടെ കാലുകളിലാണ് ഈ സ്പീക്കർ സ്ഥാപിച്ചിട്ടുള്ളത്. ഇതുവഴി പരിസരത്ത് നിന്നുള്ള ശബ്ദങ്ങൾ കേട്ടുകൊണ്ടു തന്നെ കണ്ണടയിലെ സ്പീക്കറുകൾ വഴി പാട്ടുകൾ ആസ്വദിക്കാനും ശബ്ദനിർദേശങ്ങൾ കേൾക്കാനും സാധിക്കുമെന്ന് കമ്പനി പറയുന്നു.
ശബ്ദാധിഷ്ടിത നിർദേശങ്ങൾ സ്വീകരിക്കാനും നോട്ടിഫിക്കേഷനുകൾ നൽകാനും ഈ സ്മാർട് ഗ്ലാസിന് സാധിക്കും. മികച്ച ശബ്ദത്തിനായി ക്ലിയർ വോയ്സ് കാപ്ചർ സാങ്കേതിക വിദ്യ ഇതിൽ നൽകിയിട്ടുണ്ട്.
വിവിധ ട്രാക്കിങ് ഫീച്ചറുകൾ ഇതിൽ ലഭിക്കും. ഒപ്പം സ്ക്രീൻ ഉപയോഗം സംബന്ധിച്ച മുന്നറിയിപ്പുകൾ നൽകും. ടച്ച് കൺട്രോളിലൂടെ പാട്ടുകൾ പ്ലേ ചെയ്‌യാനും നിർത്താനും മാറ്റാനുമെല്ലാം സാധിക്കും.
Content highlights: Titan EyeX Smart Glasses Launched in India