ന്യൂഡൽഹി
റാലി പരാജയപ്പെട്ടത് മറച്ചുവയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബിനെയും കർഷകപ്രസ്ഥാനത്തെയും അപകീർത്തിപ്പെടുത്തുകയാണെന്ന് സംയുക്ത കിസാൻ മോർച്ച. ‘ഒരുവിധത്തിൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു’ എന്നാണ് പ്രധാനമന്ത്രി പറയുന്നത്. അജയ് മിശ്രയെപ്പോലുള്ള ക്രിമിനലുകൾ മന്ത്രിമാരായി വിഹരിക്കുമ്പോള് കർഷകരുടെ ജീവനാണ് യഥാർഥത്തിൽ ഭീഷണി നേരിടുന്നത്. പദവിയുടെ അന്തസ്സ് മാനിച്ചെങ്കിലും ഇത്തരം നിരുത്തരവാദ പ്രസ്താവന പ്രധാനമന്ത്രി നടത്തരുത്.
പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശന വിവരം ലഭിച്ചപ്പോള്, അഞ്ചിന് താലൂക്ക്–-ജില്ലാ കേന്ദ്രങ്ങളില് കിസാൻ മോർച്ചയിലെ 10 കർഷകസംഘടന പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചു. അജയ് മിശ്രയെ അറസ്റ്റുചെയ്യണം എന്നതടക്കം ആവശ്യം ഉന്നയിച്ചു. പ്രധാനമന്ത്രിയെ തടയാനോ പരിപാടി തടസ്സപ്പെടുത്താനോ തീരുമാനിച്ചില്ല.
മുൻ നിശ്ചയിച്ച പരിപാടിപ്രകാരം ഫിറോസ്പുർ ജില്ലാ ആസ്ഥാനത്തേക്ക് നീങ്ങിയ കർഷകരെ പൊലീസ് തടഞ്ഞതോടെയാണ് റോഡിൽ കുത്തിയിരുന്നത്. ഇതിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകേണ്ട പ്യാരയാന മേൽപ്പാലവും ഉൾപ്പെട്ടു. പ്രധാനമന്ത്രി അതുവഴി വരുമെന്ന് കർഷകർക്ക് അറിയില്ലായിരുന്നു. വാഹനവ്യൂഹത്തിനു സമീപത്തേക്ക് കർഷകർ നീങ്ങിയിട്ടില്ല. പ്രധാനമന്ത്രിയുടെ ജീവനു ഭീഷണിയുണ്ടായെന്ന വാദം കെട്ടിച്ചമച്ചതാണെന്നും പ്രസ്താവനയില് ചൂണ്ടിക്കാട്ടി.