ന്യൂഡൽഹി
പഞ്ചാബിൽ മേൽപ്പാലത്തിൽ കുടുങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹത്തിനുനേർക്ക് ബിജെപി പ്രവർത്തകർ സിന്ദാബാദ് വിളിച്ചെത്തുന്നതിന്റെ വീഡിയോ ദൃശ്യംപുറത്തുവന്നു. വാഹനവ്യൂഹത്തിന് അടുത്തെങ്ങും കര്ഷകപ്രക്ഷോഭകര് എത്തിയില്ല. ഫിറോസ്പുർ ജില്ലാആസ്ഥാനത്ത് നിശ്ചയിച്ച പ്രതിഷേധയോഗത്തിൽ പങ്കെടുക്കാൻപോയ കർഷകരെ പൊലീസ് തടഞ്ഞതിനെത്തുടർന്ന് അവർ റോഡിൽ കുത്തിയിരുന്നു. ആകസ്മികമായാണ് ഈ സംഭവം ഉണ്ടായത്. കർഷകപ്രക്ഷോഭകർ തടഞ്ഞ പ്രധാനമന്ത്രിയുടെ ജീവന് ഭീഷണിയുണ്ടായെന്ന പ്രചാരണം ഇതോടെ പൊളിഞ്ഞു. സുരക്ഷാവീഴ്ചയുടെ പേരിൽ സഹതാപം നേടാനുള്ള ബിജെപിശ്രമവും വിഫലം.
പ്രധാനമന്ത്രിയെ തടയാൻ പരിപാടിയിട്ടില്ലെന്ന് സംയുക്ത കിസാൻമോർച്ചയും ഘടക സംഘടനകളും ആവർത്തിച്ച് വ്യക്തമാക്കി. എന്നാല് ജീവൻ കഷ്ടിച്ച് രക്ഷപ്പെട്ടുവെന്നാണ് പ്രധാനമന്ത്രി ഭട്ടിൻഡ വിമാനത്താവളത്തിൽ പ്രതികരിച്ചത്. കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും ഇതേറ്റുപിടിച്ചു. പ്രധാനമന്ത്രിയെ അപായപ്പെടുത്താൻ ശ്രമമുണ്ടായെന്നായി വാദം. പ്രധാനമന്ത്രി രാഷ്ട്രപതിയെ കണ്ടു. ആഭ്യന്തരമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. പഞ്ചാബിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തുമെന്ന് വാർത്ത വരുന്നു.
പഞ്ചാബിലടക്കം അടുത്ത മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ട സംസ്ഥാനങ്ങളിൽ ബിജെപിക്കെതിരെ കർഷകരുടെയും തൊഴിലാളികളുടെയും രോഷം അലയടിക്കവെയാണ് ഈ കോലാഹലം. ഒരു വർഷത്തിലേറെ ഡൽഹി അതിർത്തികളിൽ നീണ്ട പ്രക്ഷോഭത്തിൽ എഴുനൂറ്റമ്പതോളം കർഷകരാണ് രക്തസാക്ഷികളായത്. ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകരെ കാർ കയറ്റി കൂട്ടക്കൊല ചെയ്ത കേസിൽ കേന്ദ്രആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര മുഖ്യപ്രതിയാണ്.
പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ പൂർണമായും ഉത്തർപ്രദേശിലെ പല ഭാഗങ്ങളിലും ബിജെപി നേതാക്കൾക്ക് കർഷകജനത സാമൂഹ്യവിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. കാർഷികനിയമങ്ങൾക്കെതിരെ നടന്ന പ്രക്ഷോഭം തികച്ചും സമാധാനപരമായിരുന്നു. ലാത്തിയും തോക്കും ജലപീരങ്കിയും കേട്ടുകേൾവിയില്ലാത്ത ബാരിക്കേഡുകളും ഉപയോഗിച്ചിട്ടും കർഷകർ സംയമനം വെടിഞ്ഞില്ല.