സിപിഐ എം 23 -ാം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി ഫെബ്രുവരി 5,6 തീയതികളിൽ നടക്കുന്ന അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (എഐസി) ദേശീയ സമ്മേളനത്തിന് മുന്നോടിയായി ലണ്ടനിൽ പതാക ജാഥ നടക്കും. ജനുവരി 22 ശനിയാഴ്ച രാവിലെ 11ന് ലണ്ടനിലെ കാറൽ മാർക്സിന്റെ ബലികുടീരത്തിൽ നിന്ന് എഐസി സെക്രട്ടറി ഹർസേവ് ബെയ്ൻസ് കൈമാറുന്ന പതാക സ്വാഗത സംഘം ചെയർമാൻ ബിനോജ് ജോണും കൺവീനർ രാജേഷ് കൃഷ്ണയും ഏറ്റുവാങ്ങും.
പതാക പര്യടനം മാർക്സിസം, സോഷ്യലിസം, തൊഴിലാളിവർഗ ചരിത്രം തുടങ്ങിയ വിഷയങ്ങളിൽ 60000ത്തിലധികം പുസ്തകങ്ങളും ലഘുലേഖകളും പത്രങ്ങളും ഉൾക്കൊള്ളുന്ന മാർക്സ് മെമ്മോറിയൽ ലൈബ്രറിയിലെത്തും (37A Clerkenwell Grn, London EC1R 0DU). ലെനിൻ തന്റെ പത്രമായ ഇസ്ക്രയുടെ (സ്പാർക്ക്) 17 ലക്കങ്ങൾ പ്രസിദ്ധീകരിച്ചത് ഇതേ കെട്ടിടത്തിൽ നിന്നാണ്. അവിടെ നിന്നും പതാക ലണ്ടൻ ഹീത്രോയിലെ സമ്മേളന നഗരിയിലേയ്ക്ക് എത്തിച്ചേരും.